വള്ളുവാടിയില്‍ വീണ്ടും കാട്ടാന കൃഷിനിശിപ്പിച്ചു. വനാതിര്‍ത്തിയിലെ തൂക്ക് വേലി തകര്‍ത്ത കാട്ടാന കൃഷിയിടത്തിനുചുറ്റും കര്‍ഷകര്‍ സ്ഥാപിച്ച ഫെന്‍സിങും തകര്‍ത്താണ് കൃഷിയിടത്തില്‍ ഇറങ്ങിയത്. കൃഷിനാശം വരുത്തിയത് മുട്ടികൊമ്പനാണെന്നാണ് കര്‍ഷകര്‍ പറയുന്നത്.

കഴിഞ്ഞദിവസം കാട്ടാന ആക്രമണത്തില്‍ പച്ചാടി രജീവ് മരണപ്പെട്ട പ്രദേശത്ത് നിന്ന് സമീപ പ്രദേശത്താണ് കാട്ടാന ഇറങ്ങി കഴിഞ്ഞരാത്രി കൃഷിനാശം വരുത്തിയത്. വള്ളുവാടി സ്വദേശികളായ കരവറ്റിന്‍കര സ്‌കറിയ, പൗലോസ് എന്നിവരുടെ കൃഷികളാണ് കാട്ടാന നശിപ്പിച്ചത്. വനാതിര്‍ത്തിയിലെ തൂക്ക് ഫെന്‍സിങ് തകര്‍ത്താണ് കൊമ്പന്‍ കൃഷിയിടത്തിലിറങ്ങിയത്. കര്‍ഷകര്‍ കൃഷിയിടത്തിനുചുറ്റും സ്ഥാപിച്ച വൈദ്യുതിവേലിയും തകര്‍ത്ത കാട്ടാന ഇരുപത്തിയഞ്ചോളം കവുങ്ങുകളും കാപ്പി, കുരുമുളക് എന്നി വിളകളും നശിപ്പിച്ചു. കൃഷിയിടത്തിലിറങ്ങിയ കാട്ടാന രജീവിനെ കൊലപ്പെടുത്തിയ മുട്ടികൊമ്പനാണെന്നാണ് കര്‍ഷകര്‍ പറയുന്നത്.

കഴിഞ്ഞ ഇരുപത് വര്‍ഷത്തോളമായി ഈ കൊമ്പന്‍ കര്‍ഷകര്‍ക്ക് ഭീഷണിയാണ് സൃഷ്ടിക്കുന്നത്. കൃഷിനാശത്തിനുപുറമെ മനുഷ്യജീവനും ഭീഷണിയായ ഈ ആനയെ എത്രയുംവേഗം പിടികൂടി കര്‍ഷകരുടെ ഭീഷണി അകറ്റണമെന്നാണ് ആവശ്യം. അതേസമയം രജീവ് മരണപ്പെട്ട പച്ചാടിക്ക് സമീപം അണ്ണിമൂല വനഭാഗത്ത് കൊമ്പന്റെ സാനിധ്യം സ്ഥിരീകരിച്ചിരുന്നു. ഇവിടെനിന്നും വനപാലകര്‍ കൊമ്പനെ കൃഷിയിടത്തിലിറക്കാതെ തുരത്തിയിരുന്നു. ഈ ആനയാണ് വള്ളുവാടിയില്‍ കൃഷിയിടത്തിലിറങ്ങിയതെന്നും കര്‍ഷകര്‍ പറയുന്നു.