സംസ്ഥാനത്തിന്റെ ആഭ്യന്തര സുരക്ഷയും നീതിന്യായ സംവിധാനവും ശക്തിപെടുത്തുക സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുൽത്താൻ ബത്തേരിയിൽ നിർമ്മാണം പൂർത്തീകരിച്ച വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ വയനാട് യൂണിറ്റ് കെട്ടിടോദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സുതാര്യവും സത്യസന്ധവുമായ ഭരണനിർവഹണം ഉറപ്പാക്കുന്നതിൽ വിജിലൻസ് ആൻഡ് ആന്റി കറപ്‌ഷൻ വിഭാഗം വഹിക്കുന്ന പങ്ക് നിർണായകമാണെന്നും അഴിമതി രഹിത കേരളം എന്ന ലക്ഷ്യം കൈവരിക്കാൻ വിജിലൻസ് വിഭാഗത്തിന് കരുത്തുറ്റ സംവിധാനം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിജിലൻസ് വകുപ്പിനെ ആധുനികവത്കരിക്കാൻ സാധിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
പുതിയ കെട്ടിടം നിലവിൽ വരുന്നതോടെ വകുപ്പുകളുടെ ഏകോപനവും പ്രവർത്തന വേഗതയും സുതാര്യതയും കൂടുതൽ മെച്ചപ്പെടും.
പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായ സേവനം ഉറപ്പാക്കുന്നതിന് പുതിയ സൗകര്യങ്ങൾ ഫലപ്രദമായി വിനിയോഗിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ വയനാട് യൂണിറ്റിനായി മൂന്നു കോടി രൂപ ചെലവിൽ സുൽത്താൻബത്തേരി സെന്റ് മേരീസ് കോളേജിന് സമീപമാണ് പുതിയ കെട്ടിടം നിർമാണം പൂർത്തീകരിച്ചത്.
1982 ൽ പ്രവർത്തനമാരംഭിച്ച വയനാട് വിജിലൻസ് യൂണിറ്റ് ഇതുവരെ മീനങ്ങാടിയിൽ പരിമിതമായ സൗകര്യത്തിൽ വാടക കെട്ടിടത്തിൽ ആയിരുന്നു പ്രവർത്തിച്ചിരുന്നത്. സുൽത്താൻ ബത്തേരി നഗരസഭ ചെയർപെർസൺ റസീന അബ്ദുൾ ഖാദർ അധ്യക്ഷത വഹിച്ച പരിപാടിയിൽ
നഗരസഭ വൈസ് ചെയര്‍മാൻ എം.ജി ഇന്ദ്രജിത്ത്, ഡി. വൈ.എസ്. പി ഷാജി വർഗീസ്, എസ്. പി പി. എം പ്രദീപ്, ഡിവിഷൻ കൗൺസിലർ സി. എം അനിൽ, പി. ഡബ്യു. ഡി എക്സിക്യൂട്ടീവ് എൻജിനീയർ എൻ. ശ്രീജിത്ത്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ പങ്കെടുത്തു.
Comments (0)
No comments yet. Be the first to comment!