ജില്ലയിൽ വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സഖി വൺ സ്റ്റോപ്പ് സെന്റർ വാഹനം ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ ഫ്ലാഗ് ഓഫ് ചെയ്തു.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനും അതിജീവിതർക്ക് സമഗ്ര സംരക്ഷണവും പിന്തുണയും ഉറപ്പു വരുത്തുന്നതിനായി കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം രാജ്യത്തുടനീളം നടപ്പാക്കുന്ന പദ്ധതിയാണ് സഖി-വൺ സ്റ്റോപ്പ്‌ സെന്റർ. സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ മേൽനോട്ടത്തിൽ 14 ജില്ലയിലും സെന്റർ പ്രവർത്തിച്ചു വരുന്നു.
അതിക്രമങ്ങളിൽ അടിയന്തര ഇടപെടൽ ഉറപ്പാക്കുന്നതിനും ആവിശ്യമായ സാഹചര്യങ്ങളിൽ സെന്ററിൽ സുരക്ഷിതമായി എത്തിക്കുന്നതിനും  ജില്ലയിലുടനീളം ബോധവൽക്കരണ പരിപാടികൾ ശക്തിപ്പെടുത്തുന്നതിനുമാണ് വാഹന സൗകര്യം ഉപയോഗപ്പെടുത്തുക. 24 മണിക്കൂറും പ്രവർത്തിക്കുന്ന സെന്ററിൽ താൽക്കാലിക സംരക്ഷണം, കൗൺസിലിങ്, നിയമ സഹായം, പോലീസ് സഹായം തുടങ്ങിയ സൗജന്യ സേവനങ്ങൾ ലഭ്യമാണ്. സെന്ററിൽ അഡ്മിനിസ്ട്രേറ്റർ, കേസ്  വർക്കർ, സൈക്കോ സോഷ്യൽ കൗൺസിലർ, ലീഗൽ കൗൺസിലർ, പോലീസ് ഫെസിലിറ്റെഷൻ ഓഫീസർമാർ തുടങ്ങി 15 വനിതാ ജീവനക്കാരാണ്  ഉള്ളത്.
സഖി വൺ സ്റ്റോപ്പ് സെന്ററുമായി ബന്ധപ്പെടേണ്ട ആവിശ്യങ്ങൾക്ക്  04936202120 മുഖേനെ ബന്ധപ്പെടാം. 
ജില്ലാ വനിതാ സംരക്ഷണ ഓഫീസർ എൻ.പി ഗീത, ജില്ലാ വനിതാ ശിശു വികസന വകുപ്പ് ഓഫീസർ  ബിന്ദു ഭായ്, 
വനിതാ സെൽ ഇൻ ചാർജ് ജാൻസിജോസ്, ജോയിന്റ് ആർ.ടി.ഒ മേഴ്‌സിക്കുട്ടി സാമൂവേൽ, സഖി വൺ സ്റ്റോപ്പ്‌ സെന്റർ അഡ്മിനിസ്‌ട്രെറ്റർ അഡ്വ. പി.പി രഹ്‌നാസ് എന്നിവർ സംസാരിച്ചു.