രോഗബാധിതരായ തെരുവുനായകളെ ദയാവധം നടത്താം

സംസ്ഥാനത്തെ തെരുവുനായ പ്രശ്നത്തില്‍ നിര്‍ണായക ഇടപെടലുമായി സര്‍ക്കാര്‍. രോഗബാധിതരായ തെരുവുനായകളെ ദയാവധം നടത്താമെന്ന തീരുമാനമായി. മൃഗസംരക്ഷണ- തദ്ദേശ വകുപ്പ് മന്ത്രിമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.വെറ്റിനറി വിദഗ്ദ്ധന്റെ സാക്ഷ്യപത്രത്തോടെ നായകളെ ദയാവധത്തിന് വിധേയമാക്കാം. ഇക്കാര്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കാനും യോഗം തീരുമാനിച്ചു. കേന്ദ്രചട്ടങ്ങള്‍ പാലിച്ചാകും ദയാവധം നടത്തുകയെന്നും മന്ത്രിമാരായ എം ബി രാജേഷും ജെ ചിഞ്ചുറാണിയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ഏതെങ്കിലും മൃഗത്തിന് രോഗം പടര്‍ത്താന്‍ കഴിയുന്ന തരത്തില്‍ അസുഖമുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിനോ സംസ്ഥാന സര്‍ക്കാരിനോ ബോധ്യപ്പെട്ടാല്‍, അത്തരം രോഗം നിയന്ത്രിക്കുന്നതിനായി അവയെ ദയാവധത്തിന് വിധേയമാക്കുന്നതിന് 2023 ലെ ആനിമല്‍ ഹസ്ബന്‍ഡറി പ്രാക്ടീസ് ആന്‍ഡ് പ്രോസീജ്യര്‍ റൂളില്‍ അനുമതി നല്‍കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.സെപ്തംബറില്‍ വളര്‍ത്തുനായ്ക്കള്‍ക്ക് വാക്സിനേഷനും ലൈസന്‍സ് എടുക്കാനുമുള്ള ക്യാംപ് നടത്തും. വളര്‍ത്തുനായ്ക്കള്‍ക്ക് ഇലക്ട്രോണിക് ചിപ്പും ഘടിപ്പിക്കും. ഓഗസ്റ്റില്‍ തെരുവുനായ്ക്കള്‍ക്കുള്ള വാക്സിനേഷനും നടത്തുമെന്നും മന്ത്രിമാര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *