ബത്തേരിയില്‍ മോഷണ പരമ്പര. മന്തണ്ടിക്കുന്ന്് മുതല്‍ തിരുനെല്ലി വരെയുള്ള പ്രദേശത്തെ അഞ്ചിടങ്ങളിലാണ് കഴിഞ്ഞദിവസം രാത്രി മോഷണം നടന്നത്. കടകളിലും വീട്ടിലുമായാണ് മോഷണം അരങ്ങേറിയത്. വിവിധഇടങ്ങളില്‍ നിന്ന് ആറായിരത്തി അഞ്ഞൂറ് രൂപയും മൊബൈല്‍ ഫോണുകളും സ്വര്‍ണമോതിരവും നഷ്ടപ്പെട്ടു. സംഭവത്തില്‍ ബത്തേരി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞദിവസം രാത്രിയില്‍ സുല്‍ത്താന്‍ബത്തേരി പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പെടുന്ന മന്തണ്ടിക്കുന്ന് മുതല്‍ തിരുനെല്ലി വരെയുള്ള മുന്നൂറ് മീറ്റര്‍ പ്രദേശത്താണ് മോഷണപരമ്പര അരങ്ങേറിയത്. ദേശീയപാതയരോത്തുള്ള വനിതമെസ്, ഹൈവേ മെസ്, വിശ്വാസ് ഓട്ടോ ഗ്യാരേജ്, തിരുനെല്ലിയിലെ രണ്ട് കുമ്മട്ടികളിലും ഒരു വീട്ടിലുമാണ് മോഷണം നടന്നത്. ഇതില്‍ ജയസുധയുടെ ഉടമസ്ഥതയിലുള്ള വനിതമെസ്സില്‍ നിന്ന് നാലായിരം രൂപയും, രവിയുടെ ഉടമസ്ഥതയില്‍ തിരുനെല്ലിയില്‍ ്പ്രവര്‍ത്തിക്കുന്ന ഓട്ടോ ഗ്യാരേജില്‍ നിന്ന് അറുനൂറ് രൂപയും മോഷണം പോയി. തിരുനെല്ലി സ്വദേശി മാധവന്റെ കുമ്മട്ടിയും സമീപത്തെ വീടും കുത്തിതുറന്ന് രണ്ട് മൊബൈല്‍ ഫോണും 2100 രൂപയും കാല്‍പവന്‍വരുന്ന മോതിരവും അപഹരിക്കപ്പെട്ടു. ഇന്ന് രാവിലെ സ്ഥാപനങ്ങള്‍ തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ടിടങ്ങളില്‍ നിന്ന് പൂട്ട് തകര്‍ക്കാനുപയോഗിച്ചതെന്ന് കരുതുന്ന കമ്പികളും സ്ഥാപനങ്ങളുടെ സമീപത്തുനിന്ന് കണ്ടെടുത്തു. സംഭവത്തില്‍ സുല്‍ത്താന്‍ബത്തേരി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.