കല്‍പ്പറ്റ: 2023-24 അധ്യയന വര്‍ഷത്തെ മികച്ച എന്‍എസ്എസ് വൊളണ്ടിയര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരം വടുവന്‍ചാല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കോമേഴ്‌സ് വിദ്യാര്‍ഥിയായിരുന്ന മുഹമ്മദ് ഫിനാസിന് ലഭിച്ചു. സാമൂഹിക സേവനത്തിലൂടെ വ്യക്തിത്വവികസനം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം നടപ്പിലാക്കിയ വിവിധങ്ങളായ പരിപാടികളിലെ പങ്കാളിത്തമാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. നിലവില്‍ കല്‍പ്പറ്റ എന്‍.എം.എസ്.എം കോളജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിയും യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറുമാണ് മുഹമ്മദ് ഫിനാസ്. കഴിഞ്ഞവര്‍ഷം ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ സ്ഥാനത്തെ മികച്ച വൊളണ്ടിയറായി തെരഞ്ഞെടുത്തത് ഈ വിദ്യാര്‍ഥിയെയാണ്.
വടുവന്‍ചാല്‍ സ്‌കൂളില്‍ പച്ചക്കറിത്തോട്ടം, തേനീച്ച വളര്‍ത്തല്‍, ചെണ്ടുമല്ലിക്കൃഷി, പ്ലാസ്റ്റിക് നിര്‍മാര്‍ജനം, സ്‌കൂള്‍ പെയിന്റിംഗ്, ലൈബ്രറി സജ്ജീകരണം, പുസ്തകത്തണല്‍, ഗ്രാമ വികസന പ്രവര്‍ത്തനം തുടങ്ങി നിരവധി പരിപാടികളില്‍ മുഹമ്മദ് ഫിനാസ് മികവ് തെളിയിച്ചിരുന്നു. സാമൂഹിക സേവനത്തില്‍ സ്‌കൂള്‍ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ വി.പി. സുഭാഷിന്റെയും മാതാപിതാക്കളായ അബ്ദുള്‍ കലാം, സീനത്ത് എന്നിവരുടെയും വലിയ പിന്തുണ ലഭിച്ചതായി മുഹമ്മദ് ഫിനാസ് പറയുന്നു.