ഹെൽത്തി കേരള ക്യാമ്പയിൻ സംഘടിപ്പിച്ചു

സംസ്ഥാന സർക്കാറിൻ്റെ ആരോഗ്യം ആനന്ദം-വൈബ് ഫോർ വെൽനസ്സ് ഹെൽത്തി കേരള ക്യാമ്പയിൻ്റെ ഭാഗമായി ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് മിഷൻ കേരളം, ജില്ലാ ഹോമിയോപ്പതി വകുപ്പ്  എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഹെൽത്ത് ഫുഡ് പാചക മത്സരം, ഹെൽത്ത് ചെക്കപ്പ്, ബോധവത്ക്കരണ സ്കിറ്റ് എന്നിവ സംഘടിപ്പിച്ചു.
ആരോഗ്യകരമായ ഭക്ഷണ ശീലം, മതിയായ വ്യായാമം, കൃത്യമായ ഉറക്കം, ആരോഗ്യ പരിപാലനം എന്നിവയുടെ പ്രാധാന്യത്തെ പൊതുജനങ്ങളിലേക്ക് എത്തിക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം. മാനന്തവാടി ഗവ യു. പി സ്ക്കൂളിൽ നടന്ന പരിപാടി നഗരസഭ ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ  ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ അഡ്വ. സിന്ധു സെബാസ്റ്റ്യൻ അധ്യക്ഷയായി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.വി ജോർജ്, ഷീജ ഫ്രാൻസിസ്, ഷിബു കെ ജോർജ്, ഡിവിഷൻ മെമ്പർ പി.കെ ഹംസ, ഹോമിയോ വകുപ്പ് ഡി.എം. ഒ ഡോ. അച്ചാമ്മ ലെനു, ഡോ പി.ബി നിഷ, ഡോ. എസ്.എൻ ബിജി, ഡോ പി.സബ്ന എന്നിവർ പങ്കെടുത്തു.

കുടുംബശ്രീ ട്രൈബൽ ഫുട്ബോൾ സോക്കർ ലീഗ് ലോഗോ പ്രകാശനം ചെയ്തു

കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ ഫെബ്രുവരി 27, 28 മാർച്ച് 1 തിയതികളിൽ നടക്കുന്ന ട്രൈബൽ ഫുട്ബോൾ സോക്കർ ലീഗിന്റെ 
ലോഗോ പ്രകാശനം പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ കെ. പി ജയചന്ദ്രൻ കൈമാറി നിർവഹിച്ചു. തിരുവനന്തപുരം സ്വദേശി വി. കെ രമേശ്‌ കുമാറാണ് ലോഗോ രൂപകല്പന ചെയ്തത്. അസിസ്റ്റന്റ് ജില്ലാ മിഷൻ 
കോ- ഓർഡിനേറ്റർ കെ. എം സലീന , ജില്ലാ മിഷൻ ഉദ്യോഗസ്ഥർ , ആനിമേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.

കുടുംബശ്രീ സി ഡി എസ് പുതിയ ഭരണസമിതി ചുമതലയേറ്റു

ജില്ലയിൽ കുടുംബശ്രീ സി.ഡി.എസ് തെരഞ്ഞെടുപ്പ്  പൂർത്തിയാക്കി പുതിയ ഭരണസമിതി അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ, ഭരണസമിതി അംഗങ്ങൾ എന്നിവരാണ് ചുമതയേറ്റത്.
ജില്ലയിലെ 28 സി.ഡി.എസുകളിലാണ് പുതിയ ഭരണസമിതി നിലവിൽ വന്നത്. കുടുംബശ്രീയുടെ ത്രിതല സംഘടനാ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി ജില്ലയിലെ 9111 അയൽക്കൂട്ടങ്ങളിലും 553 എ.ഡി.എസുകളിലും തെരഞ്ഞെടുപ്പ് നടത്തിയാണ്  സി.ഡി.എസ് തെരഞ്ഞെടുപ്പ് ഫെബ്രുവരി മാസം 20 ന് സംസ്ഥാനത്ത് ഉടനീളം നടന്നത്. മൂന്ന് വർഷമാണ്  പുതിയ ഭരണസമിതിയുടെ കാലാവധി. ഒരു ലക്ഷം വരുന്ന അയൽക്കൂട്ട അംഗങ്ങൾ ഈ ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി.

വൈദ്യുതി മുടങ്ങും
മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ യൂക്കാലി കവല, മൂന്നാനക്കുഴി, വാളവയൽ, വട്ടത്താനി, പാപ്ലശ്ശേരി, മാരമല, തൊപ്പിപ്പാറ, ഞാറ്റാടി പ്രദേശനങ്ങളിൽ ഇന്ന് (ഫെബ്രുവരി 22) രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ വൈദ്യുതി മുടങ്ങും.

അക്ഷയ സംരംഭകരുടെ തിരഞ്ഞെടുപ്പ്: ജില്ലയിലെ 79 ലൊക്കേഷനുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ഓൺലൈൻ സേവനദാതാക്കളായ അക്ഷയപദ്ധതിയിലേക്ക്, ജില്ലയിലെ 79 ലൊക്കേഷനുകളിലേക്ക്
അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. പൊതുവിഭാഗത്തിൽ 63 ലൊക്കേഷനിലേക്കും പട്ടികജാതി വിഭാഗത്തിൽ 13 ലൊക്കേഷനിലേക്കും, പട്ടികവർഗ്ഗ വിഭാഗത്തിലേക്ക്  3 ലൊക്കേഷനിലേക്കുമാണ് നിയമനം നടത്തുന്നത്. 
18 നും 50 നുമിടയിൽ പ്രായമുള്ള പ്ലസ് ടു / പ്രീഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം.   
അധിക യോഗ്യതകൾക്കും  വനിത, പട്ടികജാതി-വർഗ വിഭാഗങ്ങൾക്കും സ്വന്തം /വാടക മുറി സൗകര്യമുള്ളവർക്കും വെയ്റ്റേജ് (അധിക മാർക്ക്) ലഭിക്കും. പട്ടികജാതി - വർഗ വിഭാഗങ്ങൾക്ക് പ്രത്യേകമായി ലൊക്കേഷനും സംവരണം ചെയ്തിട്ടുണ്ട്. താത്പര്യമുള്ളവർ മാർച്ച് ഏഴിനകം 
 https://lbsedp.lbscentre.in/akshaya26/ മുഖേനെ ഓൺലൈനായി അപേക്ഷ ലഭ്യമാക്കണം. അപേക്ഷ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 0471 2560311, 2560312, 9400923669  വാട്ട്സ് ആപ്പ് മുഖേനെയോ lbscentre@gmail.കോം ബന്ധപ്പെടാം.  
കൂടുതൽ വിവരങ്ങൾ 04936 206267, adpowyd.akshaya@kerala.gov.in, https://akshaya.kerala.gov.in/ ലും ലഭ്യമാണ്.

റേഷന്‍ കാര്‍ഡ് തരം മാറ്റാം  

പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണന (പി.എച്ച്.എച്ച്) വിഭാഗത്തിലേക്ക് തരംമാറ്റുന്നതിന് അപേക്ഷിക്കാം. അപേക്ഷകര്‍ വരുമാന സര്‍ട്ടിഫിക്കറ്റ്, സ്വന്തമായി വീടുള്ളവര്‍ വീടിന്റെ വിസ്തീര്‍ണ്ണത്തിന്റെ സാക്ഷ്യപത്രം, നികുതി ചീട്ടിന്റെ പകര്‍പ്പ്, ബി.പി.എല്‍ ലിസ്റ്റിലുള്‍പ്പെട്ടതിന്റെ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അക്ഷയ കേന്ദ്രങ്ങള്‍, സി.എസ്.സി സേവനങ്ങള്‍ മുഖേന ഫെബ്രുവരി 24 വരെ  അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ - 04936 255 222 (വൈത്തിരി) 04936 220213 (സുല്‍ത്താന്‍ ബത്തേരി) 04935 240252 (മാനന്തവാടി)

ലാബ് അസിസ്റ്റന്റ് നിയമനം

മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ലബോറട്ടറിയിലേക്ക് താൽക്കാലിക ലാബ് അസിസ്റ്റന്റ് നിയമനം നടത്തുന്നു. വിഎച്ച്എസ്എസി, എം എൽ ടിയാണ് യോഗ്യത. ഉദ്യോഗാർഥികൾ രേഖകളുടെ അസലുമായി ഫെബ്രുവരി 25 രാവിലെ 11 ന് മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന കുടിക്കാഴ്ച്ചക്ക് എത്തിച്ചേരണം. ഫോൺ: 04936 282854