സംസ്ഥാനത്തിന്റെ പശ്ചാത്തല വികസന രംഗത്ത് സമാനതകളില്ലാത്ത മുന്നേറ്റം  കൈവരിച്ചെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മാനന്തവാടി - പേര്യ റോഡിന്റെയും പി.ഡബ്ല്യു.ഡി ബ്രിഡ്‌ജസിൻ്റെ കീഴിൽ നിർമ്മാണം പൂർത്തീകരിച്ച പുലിക്കാട്ട്കടവ് പാലത്തിൻ്റെയും ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
മേൽപ്പാലങ്ങൾ, ഫ്ലൈഓവറുകൾ, ബൈപാസുകൾ, കെട്ടിടങ്ങൾ എന്നിവയുടെ നിർമ്മാണത്തിലും വികസനത്തിലും കേരളം ഗണ്യമായ പുരോഗതി കൈവരിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിൽ നിർമ്മാണ മേഖലയിൽ ഏറ്റവും ഉയർന്ന ഗുണനിലവാരം ഉറപ്പാക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാനം നടപ്പാക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ കാർഷിക-ടൂറിസം മേഖലകൾക്ക് പുതിയ ഉണർവ് നൽകുന്ന മലയോര ഹൈവേ പദ്ധതി ഏകദേശം 1200 കിലോമീറ്റർ നീളത്തിൽ 13 ജില്ലകളിലൂടെ കടന്നുപോകുമെന്നും ഇതിൽ വലിയൊരു വിഹിതം ഇതിനകം പൂർത്തിയായതായും മന്ത്രി അറിയിച്ചു. ഒൻപത് ജില്ലകളിലൂടെ കടന്നുപോകുന്ന തീരദേശ ഹൈവേയുടെ മൂന്ന് റീച്ചുകൾ പൂർത്തിയായതായും അദ്ദേഹം അറിയിച്ചു. റോഡ് നവീകരണ പ്രവർത്തനങ്ങൾക്ക് മാത്രം ഏകദേശം 35000 കോടി രൂപയാണ് സർക്കാർ ചെലവഴിച്ചത്. ലെവൽ ക്രോസ്സ് ഇല്ലാത്ത കേരളം എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കുന്നതിനായി ഒട്ടനവധി പദ്ധതികൾ നടപ്പിലാക്കിയതായും, ഇതിനകം ഏകദേശം 150 മേൽപ്പാലങ്ങൾ നിർമിച്ച് ഗതാഗത സൗകര്യം മെച്ചപ്പെടുത്തി. പ്രധാന ജങ്ഷനുകളുടെ വികസനത്തിനായി ഫ്ലൈഓവറുകളും ബൈപാസുകളും യാഥാർത്ഥ്യമാക്കിയതായും വ്യക്തമാക്കി. ദേശീയപാത വികസനത്തിനായി സംസ്ഥാന സർക്കാർ നേരിട്ട് ധനസഹായം നൽകുന്നത് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണെന്നും അദ്ദേഹം പറഞ്ഞു. മാനന്തവാടി നിയോജകമണ്ഡലത്തിൽ ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത വികസന  മുന്നേറ്റമെന്ന് പട്ടികജാതി- പട്ടികവര്‍ഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. മാനന്തവാടി പേരിയ
റോഡിന്റെയും പി.ഡബ്ല്യു.ഡി ബ്രിഡ്‌ജസിൻ്റെ കീഴിൽ നിർമ്മാണം പൂർത്തീകരിച്ച പുലിക്കാട്ട്കടവ് പാലത്തിൻ്റെയും ഉദ്ഘാടന പരിപാടിയിൽ അധ്യക്ഷത വഹിച്ച സംസാരിക്കുകയായിരുന്നു മന്ത്രി. വികസനത്തിന്റെ കാര്യത്തിൽ ഇനിയും മാനന്തവാടി ഏറെ മുന്നോട്ട് പോകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. മാനന്തവാടി പോസ്റ്റ് ഓഫിസിന് സമീപം ആരംഭിച്ച്, വിമലനഗർ, മുതിരേരി, കുളത്തട, യവനാർകുളം, വാളാട്, മുള്ളൽ തുടങ്ങിയ പ്രദേശങ്ങളിലൂടെ കടന്ന് പേര്യ ജങ്‌ഷനിൽ അവസാനിക്കുന്ന മാനന്തവാടി പെരിയ റോഡ് 27കിലോമീറ്റർ നീളമുള്ള ഒരു മേജർ ഡിസ്ട്രിക്ട് റോഡാണ്. മലനിരകളും കുന്നുകളും ഉൾപ്പെട്ട ഭൂപ്രകൃതിയിലൂടെയാണ്  റോഡ് കടന്നുപോകുന്നത്.  ഡിസൈൻ, ഡ്രെയിനേജ്, സ്ലോപ്പ് സ്റ്റെബിലൈസേഷൻ തുടങ്ങിയ മേഖലകളിൽ പ്രത്യേക സാങ്കേതിക ശ്രദ്ധ നൽകിയാണ് റോഡ് പണി പൂർത്തീകരിച്ചത്. കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ടിന്റെ  നേതൃത്വത്തിൽ ഇ.പി.സി മോഡിൽ 102.8 കോടി ചെലവിലാണ് റോഡ് പ്രവർത്തി നടത്തിയത് . റോഡിന്റെ പ്രവർത്തനക്ഷമതയും സേവനനിലവാരവും ദീർഘകാലം നിലനിർത്തുന്നതിനായി 5 വർഷത്തെ പരിപാലന കാലയളവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രവൃത്തിയുടെ ഭാഗമായി റോഡ് 5.50 മീറ്റർ  വീതിയിൽ പുനരുദ്ധരിക്കുകയും, ആവശ്യഭാഗങ്ങളിൽ ശാസ്ത്രീയമായി രൂപകൽപ്പന ചെയ്ത ആർ.സി.സി കവർഡ് ഡ്രെയിനേജ് സംവിധാനം ഒരുക്കുകയും ചെയ്തു. ഗതാഗതത്തിന്റെ ഘടനാപരമായ സുരക്ഷയും തുടർച്ചയും ഉറപ്പാക്കുന്നതിനായി ഒരു മേജർ ബ്രിഡ്‌ജ്, ഒരു മൈനർ ബ്രിഡ്‌ജ് എന്നിവ പുതുതായി നിർമ്മിക്കുകയും ചെയ്തു. ഒരു മൈനർ ബ്രിഡ്‌ജ് പുനർനിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടൊപ്പം, റോഡിലുടനീളം 53 കൽവർട്ടുകൾ പുതുതായി നിർമ്മിച്ചു.യാത്രക്കാരുടെ സൗകര്യത്തിനായി 14 പുതിയ ബസ് ഷെൽട്ടറുകൾ നിർമ്മിച്ചിട്ടുണ്ട്. ഗതാഗത സൗകര്യവും സുരക്ഷയും മെച്ചപ്പെടുത്തുന്നതിനായി 4 പ്രധാന ജങ്ഷനുകളും 32 ചെറു ജങ്ഷനുകളും ശാസ്ത്രീയമായി പുനഃക്രമീകരിക്കുകയും ആവശ്യമായ ട്രാഫിക് നിയന്ത്രണ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്തു. റോഡ് മാർക്കിംഗുകൾ, സൈൻബോർഡുകൾ, മറ്റ്സുരക്ഷാ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.  മണ്ണിടിച്ചിൽ സാധ്യതയുള്ള ഭാഗങ്ങളിൽ ആവശ്യമായ ഹിൽ സ്ലോപ്പ് പ്രൊട്ടക്ഷൻ പ്രവൃത്തികളും, റോഡിന്റെ ദീർഘകാല സംരക്ഷണത്തിനായി റിട്ടെയിനിങ് / ടോ വാൾ സംവിധാനങ്ങളും നിർമ്മിച്ചിട്ടുണ്ട്.തവിഞ്ഞാല്‍-തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുലിക്കാട്ട് കടവ് പാലം യഥാര്‍ത്ഥ്യമായത്. പട്ടികജാതി- പട്ടികവര്‍ഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളുവിന്റെ ഇടപ്പെടലിന്റെ ഫലമായി 12.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂർത്തീകരിച്ചത്. 90 മീറ്റര്‍ നീളത്തില്‍ പൂര്‍ത്തിയാവുന്ന പാലത്തിന്റെ ഡിസൈനും എസ്റ്റിമേറ്റും തയ്യാറാക്കിയത് പൊതുമരാമത്ത് വകുപ്പാണ്.  ബി.എം.ബി.സി നിലവാരത്തിലുള്ള സമീപന റോഡും 150 മീറ്റര്‍ പുഴയോര സംരക്ഷണ ഭിത്തിയും പാലത്തിനൊപ്പം പൂര്‍ത്തിയായി. നേരത്തെയുണ്ടായിരുന്ന തൂക്ക്  മരപ്പാലത്തിലൂടെയായിരുന്നു പ്രദേശവാസികളുടെ വര്‍ഷങ്ങളായുള്ള യാത്ര. മഴക്കാലങ്ങളില്‍ മരപ്പാലം വെള്ളത്തില്‍ മുങ്ങുന്നതോടെ യാത്ര മുടങ്ങും. പിന്നെ കിലോമീറ്ററുകള്‍ ചുറ്റിക്കറങ്ങിയാണ് യാത്ര ചെയ്യുന്നത്. നാട്ടുകാരുടെ യാത്രാദുരിതത്തിന് അറുതി വരുത്താന്‍ വാളാട് പുലിക്കാട്ട് കടവില്‍ കോണ്‍ക്രീറ്റ് പാലം വേണമെന്ന ദീര്‍ഘകാലത്തെ ആവശ്യമാണ് പാലം നിര്‍മാണം പൂര്‍ത്തിയായതോടെ യാഥാര്‍ത്ഥ്യമായത്. വാളാട് നിന്ന് പുതുശ്ശേരിയിലേക്കും പേര്യ -വാളാട് ഭാഗത്തുനിന്ന് പുതുശ്ശേരി - തേറ്റമല - വെള്ളമുണ്ട ഭാഗത്തേക്കും എളുപ്പത്തിലെത്താവുന്ന പാതയാണിത്.വാളാട് എ.എല്‍.പി സ്‌കൂള്‍, ജയ്ഹിന്ദ് എല്‍.പി സ്‌കൂള്‍, ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, എടത്തന ഗവ ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളിലേക്കും പുതുശ്ശേരി - ആലക്കല്‍- പൊള്ളംപാറ പ്രദേശത്തുള്ളവര്‍ക്ക് എളുപ്പത്തില്‍ മാനന്തവാടിയില്‍ എത്താനും പുതിയ പാലം സഹായകമാവും. പാലം യഥാര്‍ഥ്യമായതോടെ തൊണ്ടര്‍നാട് - വെള്ളമുണ്ട പ്രദേശത്തെ ജനങ്ങളുടെ ദീര്‍ഘകാല നാളത്തെ യാത്രാദുരിതത്തിന് പരിഹാരമായി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമ മോയി, 
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ, തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി ബിജു, തൊണ്ടർനാട്ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മാസ്റ്റർ,പി.ഡബ്ല്യൂ.ഡി ബ്രിഡ്ജസ് എക്സിക്യൂട്ടീവ് എൻജിനീയർ സി.എസ് അജിത്, കെ.എസ്.ടി.പി എക്സിക്യൂട്ടീവ് എൻജിനീയർ ഒ. സുനിത, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ,, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ, നാട്ടുക്കാർ എന്നിവർ പങ്കെടുത്തു.