ബഫര്‍ സോണ്‍ പ്രതിഷേധ പരിപാടികളുമായി തരിയോട് ഗ്രാമപഞ്ചായത്ത്
സുപ്രീംകോടതി വിധി പ്രകാരം ബഫര്‍ സോണ്‍ പരിധിയില്‍ തരിയോട് ഗ്രാമപഞ്ചായത്തിലെ ഭൂരിപക്ഷം പ്രദേശങ്ങളും ഉള്‍പ്പെടുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. ഈ ആശങ്കയുടെ പശ്ചാത്തലത്തില്‍ തുടര്‍ പ്രവര്‍ത്തനങ്ങളെ കുറിച്ച് ആലോചിക്കുന്നനായി തരിയോട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി യോഗം പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു. പ്രസിഡന്റ് വി ജി ഷിബു അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് സൂന നവീന്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഷീജ ആന്റണി, ഷമീം പാറക്കണ്ടി, മെമ്പര്‍മാരായ കെ എന്‍ ഗോപിനാഥന്‍, ബീന റോബിന്‍സണ്‍, പുഷ്പ മനോജ്, വത്സല നളിനാക്ഷന്‍, സിബിള്‍ എഡ്വേര്‍ഡ്, സെക്രട്ടറി എം ബി ലതിക തുടങ്ങിയവര്‍ സംസാരിച്ചു.അശാസ്ത്രീയമായ ബഫര്‍ സോണ്‍ നിര്‍ണ്ണയത്തിലെ അപാകതകള്‍ പരിഹരിച്ച്, ജനവാസ കേന്ദ്രങ്ങളെ ഇതിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കുന്നതിന് നിയമപരമായും പൊതുജന പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചും ഇക്കാര്യങ്ങള്‍ സര്‍ക്കാരുകളെയും ബഹു സുപ്രീംകോടതിയെയും അറിയിക്കും. തരിയോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പൊതു ഗ്രാമസഭകള്‍ ചേരാനും ഭരണസമിതി യോഗം പ്രമേയം അവതരിപ്പിച്ചും അതോടൊപ്പം സമര പ്രക്ഷോഭ പരിപാടികളും പ്രാദേശികമായി ബോധവത്കരണ പരിപാടികളും നടത്താന്‍ യോഗം തീരുമാനിച്ചു. തരിയോട് വില്ലേജില്‍ ഉള്‍പ്പെട്ട വനം മലബാര്‍ വന്യജീവി സങ്കേതത്തിന്റെ ഭാഗമായതോടെ അതിന് പുറത്തുള്ള കാവുംമന്ദം വില്ലേജ് പരിധിയിലേക്ക് ബഫര്‍ സോണ്‍ എത്തുമെന്നാണ് ഈ വിധിയിലൂടെ മനസ്സിലാകുന്നത്.വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എം എ ജോസഫ്, ബഷീര്‍ പുള്ളാട്ട്, അബ്രഹാം മാസ്റ്റര്‍, എം ടി ജോണ്‍, ടി വി ജോസ്, പി കെ അബ്ദുറഹിമാന്‍, ജോജിന്‍ ടി ജോയ്, ജോസ് ജെ മലയില്‍, രാധ മണിയന്‍, പി കെ മുസ്തഫ, സണ്ണി മുത്തങ്ങ, സി ടി നളിനാക്ഷന്‍, ടി മുജീബ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.