ജില്ലാതല പട്ടയമേള 26 ന് : 759 പട്ടയങ്ങള്‍ വിതരണം ചെയ്യും

എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖയെന്ന ലക്ഷ്യത്തോടെ ജില്ലാതല പട്ടയ മേളയില്‍ 795 പട്ടയങ്ങള്‍  വിതരണം ചെയ്യും. സുല്‍ത്താന്‍ ബത്തേരി നഗരസഭ ഹാളില്‍ ഫെബ്രുവരി 26 ന് രാവിലെ 10.30 ന് നടക്കുന്ന ജില്ലാതല പട്ടയ മേള മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. 1964- ലെ കേരള ഭൂപതിവ് ചട്ടപ്രകാരം 188 പട്ടയങ്ങള്‍,  മിച്ചഭൂമി വിഭാഗത്തില്‍ 77, 300 ക്രയ സര്‍ട്ടിഫിക്കറ്റ്, 13 കൈവശ രേഖ, മൂന്ന് ദേവസ പട്ടയങ്ങള്‍ ജില്ലാതല പട്ടയ മേളയില്‍ വിതരണം ചെയ്യും. മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതരായ 178 കുടുംബങ്ങള്‍ക്കുള്ള പട്ടയങ്ങള്‍ മാര്‍ച്ച് ഒന്നിന് മുഖ്യമന്ത്രി വിതരണം ചെയ്യും. ജില്ലാതല പട്ടയ മേളയില്‍ റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ ഓണ്‍ലൈനായി പങ്കെടുക്കും. പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു അധ്യക്ഷനാകുന്ന പരിപാടിയില്‍ എം.പി പ്രിയങ്ക ഗാന്ധി വാദ്ര, എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, ടി സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ റസീന അബ്ദുല്‍ കാദര്‍, സുല്‍ത്താന്‍ ബത്തേരി - പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രസന്ന ശശീന്ദ്രന്‍, ടി.എസ് ദിലീപ് കുമാര്‍, സബ് കളക്ടര്‍ അതുല്‍ സാഗര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു

കേരള വനം വന്യജീവി വകുപ്പ് സാമൂഹ്യ വനവത്ക്കരണ വിഭാഗത്തിന്റെയും ജില്ലാ ശിശുക്ഷേമ സമിതിയുടെയും ആഭിമുഖ്യത്തില്‍ മുത്തങ്ങ വന്യജീവി പ്രകൃതി പഠന കേന്ദ്രത്തില്‍ ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഭാഗമായി ട്രക്കിങ്, പരിസ്ഥിതി ക്ലാസ്, മ്യൂസിയം സന്ദര്‍ശനം എന്നിവ നടന്നു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ ഒ.എ ബാബു, എം.കെ രാഘവന്‍ എന്നിവര്‍  ക്ലാസുകള്‍ നയിച്ചു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ വി.എന്‍ അംബിക, ജില്ലാ ശിശുക്ഷേമ സമിതി നിര്‍വാഹക സമിതി അംഗം സി ജയരാജന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.പി സജിപ്രസാദ്, മനോജ് കുമാര്‍, അധ്യാപകരായ ജസ്റ്റിന്‍ പ്രകാശ് ആര്‍. രേഖ, കെ.കെ രമ്യ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

പടവുകള്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പ് വിധവകളായ അമ്മമാരുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുന്ന പടവുകള്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന/കേന്ദ്ര സര്‍ക്കാരുകള്‍ അംഗീകരിച്ച  പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന കുട്ടികളുടെ ട്യൂഷന്‍-ഹോസ്റ്റല്‍-മെസ് ഫീസ് എന്നിവ പദ്ധതി മുഖേന നല്‍കും. 2024-25, 2025-26 വര്‍ഷത്തെ അപേക്ഷകള്‍ മാര്‍ച്ച് 20 വരെ ഓണ്‍ലൈന്‍ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ www.schemes.wcd.kerala.gov.in ല്‍ ലഭിക്കും.

ഗതാഗത നിയന്ത്രണം

മുട്ടില്‍-മേപ്പാടി റോഡില്‍ നെല്ലിമാളം, ചേലേരിക്കാവ് ഭാഗത്ത് കലുങ്ക് നിര്‍മാണം നടക്കുന്നതിനാല്‍ ഇന്ന് (ഫെബ്രുവരി 25)  മുതല്‍ ഏപ്രില്‍ 15 വരെ വാഹന ഗതാഗതം ഭാഗികമായി നിയന്ത്രിക്കുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

അഗ്നിവീര്‍ പ്രവേശനത്തിന് അപേക്ഷിക്കാം

ഇന്ത്യന്‍ ആര്‍മിയുടെ അഗ്നിവീര്‍ പ്രവേശനത്തിന് ജില്ലയിലെ അവിവാഹിതരായ പുരുഷ  ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രില്‍ ഒന്നിനകം ഓണ്‍ലൈനിനായി അപേക്ഷിക്കണം. ഓണ്‍ലൈന്‍ പരീക്ഷയ്ക്കുള്ള തിയതി പിന്നീട് അറിയിക്കും.  കൂടുതല്‍ വിവരങ്ങള്‍ WWW.JOININDARMY.NIC.IN ലും arocalicut76@gmail.com ലും ലഭിക്കും.  ഫോണ്‍- 04935 2383853, 8848859382.

താത്ക്കാലിക നിയമനം

പുത്തൂര്‍വയല്‍ ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ക്യാമ്പില്‍  ബാര്‍ബര്‍, വാട്ടര്‍ കാര്യര്‍, കുക്ക് തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 27 രാവിലെ 10.30 ന് തിരിച്ചറിയല്‍ രേഖയുടെ അസല്‍ (വോട്ടര്‍ ഐഡി/ആധാര്‍), പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുമായി കല്‍പ്പറ്റ പുത്തൂര്‍വയല്‍ ക്യാമ്പില്‍ നടക്കുന്ന കൂടികാഴ്ച്ചയില്‍ പങ്കെടുക്കണം. ഫോണ്‍-04936 202525.

ലാബ് അസിസ്റ്റന്റ് നിയമനം: കൂടിക്കാഴ്ച മാറ്റിവെച്ചു 

മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ താത്ക്കാലിക ലാബ് അസിസ്റ്റന്റ് നിയമനത്തിന് ഫെബ്രുവരി 25 ന് നടത്താനിരുന്ന കൂടിക്കാഴ്ച്ച  മാറ്റിവെച്ചതായി മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. ഫോണ്‍- 04936 282854.

ക്വട്ടേഷന്‍ ക്ഷണിച്ചു

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ 715 പോളിങ് സ്റ്റേഷനുകളിലേക്ക് ഡിസ്റ്റിങ്ഗ്വിഷ് മാര്‍ക്ക് സീലുകള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള ജി.എസ്.ടി രജിസ്ട്രേഷനുള്ള സ്ഥാപനങ്ങള്‍/ വ്യക്തികള്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് 10 ന് ഉച്ചയ്ക്ക് ഒന്നിനകം ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടറുടെ ഓഫീസില്‍ നല്‍കണം. ഫോണ്‍- 04936 204220.    

ടെന്‍ഡര്‍ ക്ഷണിച്ചു

പണിയ പ്രതേക വികസന പാക്കേജ് പദ്ധതിയിലേക്ക് വാദ്യോപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ മാര്‍ച്ച് രണ്ടിന് ഉച്ചയ്ക്ക് 12 നകം ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്, മാനന്തവാടി-670645 വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍- 04935 24021 .