മുട്ടികൊമ്പന്റെ ഭീഷണി അകലുന്നില്ല, വള്ളുവാടി മേഖലയില്‍ ഇന്നലെയും മുട്ടികൊമ്പനിറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. കഴിഞ്ഞ ഏതാനും മാസക്കാലമായി മുട്ടികൊമ്പന്റെ ഭീഷണിയിലാണ് വള്ളുവാടി, വടക്കനാട്, കരിപ്പൂര് മേഖലകള്‍. ദിനംപ്രതി കാടിറങ്ങിയെത്തുന്ന കാട്ടാന കൃഷിനാശത്തിനൊപ്പം മനുഷ്യജീവനും ഭീഷണിയായി തീര്‍ന്നിരിക്കുകയാണ്. ദിവസങ്ങള്‍ക്കു മുമ്പാണ് പാച്ചാടിയില്‍ യുവകര്‍ഷകന്റെ ജീവന്‍ കാട്ടാന ആക്രമണത്തില്‍ നഷ്ടപ്പെട്ടത്. തുടര്‍ന്ന് വനംവകുപ്പ് ശക്തമായ പട്രോളിങ് അടക്കം നടത്തുന്നുണ്ടെങ്കിലും മുട്ടികൊമ്പന്റെ വിളയാട്ടത്തിന് അറുതിയാകുന്നില്ല. കഴിഞ്ഞദിവസം രാത്രി വള്ളുവാടിയില്‍ ആനപന്തിഉന്നതിക്ക് സമീപം ഇറങ്ങിയ കൊമ്പന്‍ കളങ്ങാട്ടില്‍ മത്തായി, വട്ടക്കുന്നേല്‍ കുഞ്ഞാക്കോ, തേരമംഗലം രാഘവന്‍ എ്ന്നിവരുടെ കൃഷികള്‍ നശിപ്പിച്ചു. കൊമ്പനെകൊണ്ട് ജീവിതംതന്നെ പൊറുതിമുട്ടിയതായാണ് നാട്ടുകാര്‍ പറയുന്നത്.