വൈദ്യുത ദീപാലങ്കാരം: ആഘോഷ വേളയില്‍ ജാഗ്രത പുലര്‍ത്തണം

0

ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരങ്ങള്‍ നടത്തുമ്പോള്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിന് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ നല്‍കി   ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്. ആഘോഷ വേളയില്‍ ജാഗ്രത പുലര്‍ത്തണമെന്ന്  ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ വി.സുമേഷ് അറിയിച്ചു.പുതുതായി വയറിംഗ് ആവശ്യമുള്ളവര്‍ അംഗീകൃത ലൈസന്‍സ് ഉള്ളവരെകൊണ്ട് ചെയ്യിക്കണം. ഐ.എസ്.ഐ മുദ്രയുള്ള 30 എം.എ  സെന്‍സിറ്റിവിറ്റിയുള്ള ആര്‍സിസിബി സര്‍ക്യൂട്ടില്‍ ഉണ്ടെന്ന് ഉറപ്പാക്കേണ്ടതാണെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

 

ആര്‍.സി.സി.ബി യുടെ മുകളിലുള്ള പുഷ്ബട്ടണ്‍ അമര്‍ത്തി പ്രവര്‍ത്തന ക്ഷമത ഉറപ്പുവരുത്തണം. ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക്ക് ഇന്‍സുലേറ്റഡ് വയറുകള്‍ ഉപയോഗിക്കാന്‍ പാടില്ല. പകരം മൂന്നു വയറുകള്‍ ഉള്ള ഡബിള്‍ ഇന്‍സുലേറ്റഡ് കേബിളുകള്‍ ഉപയോഗിക്കുക. മൂന്നാമത്തെ വയര്‍ നിര്‍ബന്ധമായും എര്‍ത്തുമായി ബന്ധിപ്പിക്കണം. ഐ.എസ്.ഐ മുദ്രയുള്ള വയറുകള്‍ അനുബന്ധ ഉപകരണങ്ങള്‍ എന്നിവ മാത്രം ഉപയോഗിക്കുക. പ്രത്യേകം സ്വിച്ചോട് കൂടിയ ത്രീപിന്‍ പ്ലഗ് സോക്കറ്റ് വഴി മാത്രം വൈദ്യുതി എടുക്കുക. ഒരു കാരണവശാലും വയര്‍ നേരിട്ട് പ്ലഗ് സോക്കറ്റില്‍ കുത്തരുത്. അലങ്കാരവുമായി ബന്ധപ്പെട്ട എല്ലാ ലോഹഭാഗങ്ങളും കൃത്യമായി എര്‍ത്ത് ചെയ്യുക. പരാമവധി ജോയിന്റ് ഇല്ലാത്ത കണക്ഷന്‍ നല്‍കാന്‍ ശ്രമിക്കുക. അത്യാവശ്യമുണ്ടെങ്കില്‍ ഐ.എസ്.ഐ മുദ്രയുള്ള ഇന്‍സുലേഷന്‍ ടേപ്പ് ഉപയോഗിച്ച് ഇന്‍സുലേറ്റ് ചെയ്ത് കൈയ്യെത്താത്ത വിധം ഉറപ്പിക്കുക. വീടിനോ കെട്ടിടത്തിനോ പുറത്തേക്ക് അലങ്കാരങ്ങള്‍ ചെയ്യുമ്പോള്‍ അതിനടുത്ത് വൈദ്യുതി ലൈന്‍ ഇല്ലെന്ന് ഉറപ്പു വരുത്തണം. സ്ഥാപനത്തിലെ എര്‍ത്തിംഗ് സംവിധാനം കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തണമെന്നും ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇലക്ട്രിക്കല്‍ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 295004.

 

Leave A Reply

Your email address will not be published.

error: Content is protected !!