പാതിരിപ്പാലം ബ്രഹ്‌മഗിരി ഓഫീസിന് മുന്നില്‍ ആത്മഹത്യാ ഭീഷണിയുമായി നിക്ഷേപകന്‍. കല്‍പ്പറ്റ സ്വദേശി മാട്ടില്‍ നൗഷാദാണ് നിക്ഷേപക തുക തിരികെ വേണമെന്നാവശ്യപ്പെട്ട് ആത്മഹത്യാ ഭീഷണിയുമായി ഓഫീസിന് മുന്നിലെത്തിയത്.

ബ്രഹ്‌മഗിരി സൊസൈറ്റിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിരിച്ചിരുന്നു ആളായിരുന്നു കല്‍പ്പറ്റ സ്വദേശിയായ മാട്ടിന്‍ നൗഷാദ്. കന്നാസില്‍ ഡീസലുമായെത്തിയാണ് നൗഷാദ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. മീനങ്ങാടി എസ് ഐ മിഥുന്‍ ദേവദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി നൗഷാദിനെ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ശാന്തനാവാന്‍ തയ്യാറായില്ല. തുടര്‍ന്ന് കന്നാസ് പൊലീസ് പിടിച്ച് വാങ്ങുകയായിരുന്നു . സൊസൈറ്റിയില്‍ രണ്ട് ഘട്ടങ്ങളിലായി 16 ലക്ഷം രൂപ നിക്ഷേപിച്ചെന്നാണ് നൗഷാദ് പറയുന്നത്. എന്നാല്‍ ഇതുവരെ പണം തിരികെ ലഭിച്ചില്ല. മുഖ്യമന്ത്രി ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും നൗഷാദ് പറഞ്ഞു.

അതേസമയം നൗഷാദ് ഉള്‍പ്പെടെയുള്ളവരും പണം സമയബന്ധിതമായി തിരിച്ച് നല്‍കുമെന്ന് ബ്രഹ്‌മഗിരി ഡയറക്ടര്‍ സി പി എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായ സുരേഷ് താളൂര്‍ പറഞ്ഞു.