തിരഞ്ഞെടുപ്പ് ഗോദയില്‍ മാനന്തവാടി പ്രസ് ക്ലബ്ബും
തദ്ദേശ സ്വയംഭരണ തിരെഞ്ഞെടുപ്പില്‍ വാര്‍ത്തകള്‍ മാത്രമല്ലാതെ മാനന്തവാടി പ്രസ് ക്ലബിന്റെ ശക്തമായ സാന്നിധ്യം. പ്രസ് ക്ലബ് മുന്‍ പ്രസിഡണ്ട് സുരേഷ് തലപ്പുഴയും, ക്ലബ് അംഗം വിപിന്‍ വേണുഗോപാലും മത്സരാര്‍ത്ഥികളായി രംഗത്ത് വന്നതോടെയാണ് തിരഞ്ഞെടുപ്പില്‍ വാര്‍ത്തകള്‍ക്ക് പുറമേ ‘വോട്ടുകളും’ പ്രസ് ക്ലബ്ബില്‍ ചര്‍ച്ചയാകുന്നത്.
തവിഞ്ഞാല്‍ പഞ്ചായത്തിലെ ആറാം വാര്‍ഡ് കൈതക്കൊല്ലിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാണ് സുരേഷ് തലപ്പുഴ. മാനന്തവാടി നഗരസഭ 16-ആം വാര്‍ഡ് പുതിയിടത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാണ് വിപിന്‍ വേണുഗോപാല്‍.ഇരുവര്‍ക്കും ഇത് കന്നിയങ്കമല്ലെന്നുള്ളതാണ് പ്രത്യേകത.സി.പി.ഐ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സുരേഷ് തലപ്പുഴ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചയാളാണ്. ഇത്തവണ സി പി ഐ സ്ഥാനാര്‍ത്ഥിയായാണ് ജനവിധി തേടുന്നത്. വിപിന്‍ വേണുഗോപാലാകട്ടെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മാനന്തവാടി ഗ്രാമപഞ്ചായത്തിലേക്ക് മുമ്പ് മത്സരിച്ച് വിജയിച്ചയാളാണ്. പിന്നീട് പാര്‍ട്ടി വിട്ട് സി പി ഐ എമ്മില്‍ വന്നതിനു ശേഷം ഇത്തവണ പുതിയിടം ഡിവിഷനില്‍ മത്സരിക്കുകയാണ്. ജനകീയ വിഷയങ്ങള്‍ വര്‍ഷങ്ങളായി കൈകാര്യം ചെയ്തു വരുന്നത് തിരഞ്ഞെടുപ്പ് രംഗത്ത് തങ്ങള്‍ക്ക് ഗുണകരമാകുമെന്നാണ് ഇരുവരുടേയും പ്രതീക്ഷ.