മുണ്ടക്കൈ ചൂരല്‍മല പുനരധിവാസത്തിന് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമി സര്‍ക്കാര്‍ ഔദ്യോഗികമായി ഏറ്റെടുത്തു. ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീ എസ്റ്റേറ്റ് ഭൂമിയില്‍ നോട്ടീസ് പതിച്ചു. നാളെ മുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്ന് കളക്ടര്‍.
17 കോടി രൂപ കൂടി കെട്ടിവെച്ച് മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാരിന് തടസ്സമില്ലെന്ന ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി. ടൗണ്‍ഷിപ്പ് നിര്‍മിക്കാന്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ഭൂമി ഏറ്റെടുക്കാമെന്നും, അതിനായി 17 കോടി രൂപ കൂടി കെട്ടിവയ്ക്കണമെന്നും കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. 26 കോടി രൂപ കെട്ടിവച്ച് ഭൂമി ഏറ്റെടുത്ത് പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാം എന്ന് നേരത്തെ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു. എന്നാല്‍ സര്‍ക്കാര്‍ നിശ്ചയിച്ച തുക മതിയായതല്ലെന്നാണ് എല്‍സ്റ്റന്‍ എസ്റ്റേറ്റ് വാദിച്ചത്. 549 കോടി രൂപയാണ് നല്‍കേണ്ടതെന്നും എസ്റ്റേറ്റ് ഉടമകള്‍ കോടതിയില്‍ നിലപാടെടുത്തു. തേയില ചെടികള്‍ക്കും ഭൂമിയുടെ ന്യായവിലയ്ക്കും ആനുപാതികമായി തുക ഉയര്‍ത്തണം. എന്നാല്‍ 17 കോടി രൂപ അധികമായി കെട്ടിവെക്കാന്‍ ആണ് ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഹര്‍ജിയില്‍ ജൂലൈ ഏഴിന് അന്തിമവാദം നടക്കും. ഇതിനുശേഷമാകും കോടതിയുടെ വിശദമായ ഉത്തരവ്. ഹൈക്കോടതിയില്‍ നിന്നുണ്ടായത് സര്‍ക്കാരിന് ആശ്വാസമായ വിധിയാണെന്നും . ഉടന്‍ തന്നെ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ശിലാഫലകം സ്ഥാപിക്കുമെന്നും റവന്യൂ മന്ത്രിക്ക് രാജന്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് രാത്രി തന്നെ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ എസ്റ്റേറ്റില്‍ എത്തി നോട്ടീസ് പതിച്ച് ഭൂമി ഏറ്റെടുത്തത്.