വര്‍ഷങ്ങള്‍ പഴക്കമുള്ള കേസുകളില്‍ ജാമ്യത്തിലിറങ്ങി മുങ്ങി നടന്ന 267 പ്രതികളെ അഞ്ചു മാസത്തിനുള്ളില്‍ അറസ്റ്റ് ചെയ്ത് നിയമത്തിന് മുമ്പില്‍ കൊണ്ട് വന്ന് വയനാട് പോലീസ്. വിദേശത്തേക്ക് കടന്നു കളഞ്ഞ ആറ് പ്രതികളെയടക്കമാണ് കൃത്യമായ നടപടികള്‍ സ്വീകരിച്ച് വയനാട് പോലീസ് പിടികൂടിയത്. വയനാട് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം ജില്ലാ തലത്തിലും സബ് ഡിവിഷന്‍ തലത്തിലും പ്രത്യേക സ്‌ക്വാഡ് രൂപവത്കരിച്ചും, വിദേശത്തുളള പ്രതികളെ പിടികൂടുന്നതിന് ലുക്ക് ഔട്ട് സര്‍ക്കുലര്‍ നടപടികള്‍ സ്വീകരിച്ചും, പ്രതികളുടെ ഫോട്ടോകള്‍ സംഘടിപ്പിച്ച് സാമൂഹിക മാധ്യമങ്ങള്‍ വഴി ഷെയര്‍ ചെയ്തും മറ്റു നൂതന മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചുമാണ് ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ ഇത്രയും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞത്. സബ് ഡിവിഷന്‍ ഡിവൈ.എസ്.പിമാരെയും സ്റ്റേഷന്‍ എസ്.എച്ച്.ഒമാരെയും കൂട്ടിയിണക്കിയുള്ള പ്രവര്‍ത്തനമാണ് വിജയം കണ്ടത്.
2023 വര്‍ഷത്തിലെ അവസാനത്തിലെ കണക്ക് പ്രകാരം വയനാട് ജില്ലയില്‍ 40 വര്‍ഷം വരെ പഴക്കമുളള കേസുകളിലെ 865 എല്‍.പി വാറണ്ട് പ്രതികളെ പിടികൂടാന്‍ ബാക്കിയുണ്ടായിരുന്നു. 31.05.2024 തിയ്യതി ആയപ്പോഴേക്കും 267 പേരെ പിടികൂടാന്‍ കഴിഞ്ഞു.