കമ്പളക്കാട്-കല്ലംചിറ-കരണി റോഡ് നിര്‍മ്മാണം ഇഴഞ്ഞുനീങ്ങുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു. റോഡ് പണി പാതിവഴിയിലായതോടെ അതിരൂക്ഷമായ പൊടിശല്ല്യമാണ് പ്രദേശവാസികള്‍ നേരിടുന്നത്. പണി വേഗത്തില്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.

ഏറെക്കാലത്തെ കാത്തിരിപ്പിനും പ്രതിഷേധങ്ങള്‍ക്കും ഒടുവിലാണ് കമ്പളക്കാട് കല്ലംചിറ കരണി റോഡിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് തുടക്കമായത്. എന്നാല്‍ നിര്‍മ്മാണം തുടങ്ങിയതോടെ ജനങ്ങള്‍ക്കിപ്പോള്‍ ഇരട്ടി ദുരിതമാണ്. സൈഡ് കെട്ടലും ഏതാനും ഡ്രൈനേജ് പണികളും നടന്നതൊഴിച്ചാല്‍ റോഡ് നവീകരണം ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല.
ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രമാണ് പണിക്കാര്‍ ഇവിടെ എത്തുന്നത്. അതും വിരലിലെണ്ണാവുന്ന തൊഴിലാളികള്‍ മാത്രം. പണി നീണ്ടുപോകുന്നതോടെ പ്രദേശമാകെ പൊടിപടലങ്ങളാല്‍ മൂടിയിരിക്കുകയാണ്.കല്ലംചിറ പാലത്തിന് സമീപം താമസിക്കുന്ന കുടുംബങ്ങളാണ് പൊടിശല്ല്യം കൊണ്ട് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നത്. പൊടി കുറയ്ക്കാന്‍ റോഡില്‍ വെള്ളം നനയ്ക്കുന്നതടക്കമുള്ള പ്രാഥമിക സൗകര്യങ്ങള്‍ പോലും കരാറുകാരനോ അധികൃതരോ ചെയ്യുന്നില്ലെന്നാണ് പരാതി.

സാസ്‌കി ഫണ്ടില്‍ നിന്ന് 11 കോടി രൂപ അനുവദിച്ചാണ് 6.5 കിലോമീറ്റര്‍ വരുന്ന ഈ പാത നവീകരിക്കുന്നത്. കമ്പളക്കാട് കെല്‍ട്രോണ്‍ വളവ് മുതല്‍ കരണി വരെയുള്ള ഭാഗങ്ങളില്‍ റോഡിന് വീതി കൂട്ടണമെന്നത് നാട്ടുകാരുടെ വലിയ ആവശ്യമായിരുന്നു. എന്നാല്‍ നിലവിലെ മെല്ലെപ്പോക്ക് നയം നാട്ടുകാരെ വലയ്ക്കുകയാണ്. പണി വേഗത്തില്‍ പുനരാരംഭിച്ച് ദുരിതത്തിന് അറുതി വരുത്തിയില്ലെങ്കില്‍ പ്രക്ഷോഭവുമായി രംഗത്തിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.