പച്ചിലക്കാട് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികര്‍ക്ക് പരിക്ക്.ഇന്ന് രാവിലെ 8 മണിയോടെയാണ് പച്ചിലക്കാട് ടൗണിന് സമീപം അപകടം ഉണ്ടായത്. അശാസ്ത്രീയ നിര്‍മാണം കാരണം റോഡില്‍ അപകടങ്ങള്‍ പതിവാകുന്നുവെന്ന പരാതിയുമായി നാട്ടുകാര്‍.

തരുവണ സ്വദേശി സഞ്ചരിച്ച കാറും, മീനങ്ങാടി സ്വദേശികള്‍ സഞ്ചരിച്ച ബൈക്കുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ബൈക്ക് യാത്രികരായ കാവ്യ, ആഷ്ലിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടേയും പരിക്ക് ഗുരുതരമല്ല. ഇടിയുടെ ആഘാതത്തില്‍ കാവ്യ റോഡരികിലെ ഡ്രെയ്നേജിലേക്ക് വീണെങ്കിലും ഹെല്‍മെറ്റ് ധരിച്ചിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. നിയന്ത്രണം തെറ്റിയ കാര്‍ ഡ്രെയ്നേജും മറികടന്ന് സമീപത്തെ വീടിന്റെ സംരക്ഷണഭിത്തി തകര്‍ത്തിട്ടുണ്ട്. മുന്‍പും സമാനമായ രീതിയില്‍ ഈ വിടീന്റെ ചുറ്റുമതില്‍ വാഹനങ്ങള്‍ തകര്‍ത്തിട്ടുണ്ട്. കാറില്‍ മദ്യകുപ്പിയും ഒരു വളര്‍ത്തുനായയുമുണ്ടായിരുന്നു.നവീകരണം കഴിഞ്ഞ മീനങ്ങാടി - പച്ചിലക്കാട് റോഡില്‍ അപകടങ്ങള്‍ നിത്യസംഭവമാണെന്നും നിര്‍മാണത്തിലെ അപാകതയാണ് അപകടങ്ങള്‍ പതിവാകുന്നതിന് കാരണമെന്നും നാട്ടുകാര്‍ പറയുന്നു.

മതിയായ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ചും റോഡിന്റെ ശോച്യാവസ്ഥ ഉടന്‍ പരിഹരിച്ചും യാത്രക്കാരുടെ ജീവന് സുരക്ഷ ഉറപ്പുവരുത്തണമെന്ന ആവശ്യം ശക്തമാണ്.