- 51 വീടുകളുടെ നറുക്കെടുപ്പ് പൂർത്തിയായി
കൽപറ്റ: മുസ്‌ലിംലീഗ് മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പദ്ധതിയുടെ ഭാഗമായ ഭവനങ്ങളുടെ ആദ്യഘട്ട കൈമാറ്റത്തിന് ഒരുക്കങ്ങളായി. ഫെബ്രുവരി 28ന് പ്രൊജക്ട് സൈറ്റിൽ നടക്കുന്ന ചടങ്ങിൽ 51 വീടുകളാണ് ആദ്യഘട്ടത്തിൽ കൈമാറുക. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ താക്കോൽദാനം നിർവ്വഹിക്കുന്ന ചടങ്ങിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എം.പി മുഖ്യാതിഥിയായിരിക്കും. മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെ ദേശീയ സംസ്ഥാന ഭാരവാഹികളും പ്രമുഖ വ്യക്തിത്വങ്ങളും സംബന്ധിക്കും. മുട്ടിൽ ഡബ്ല്യു.എം.ഒ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആദ്യഘട്ടത്തിൽ കൈമാറുന്ന 51 വീടുകളുടെ നറുക്കെടുപ്പ് പൂർത്തിയായി. ഗുണഭോക്താക്കളുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. ആകെ 105 വീടുകളാണ് പദ്ധതിയിലുള്ളത്. ബാക്കി വീടുകളുടെ നിർമ്മാണം ഉടൻ പൂർത്തിയാക്കി മെയ് 31നകം ഗുണഭോക്താക്കൾക്ക് കൈമാറും.
സെപംത്ബർ ഒന്നിനാണ് വീടുകളുടെ പ്രവൃത്തി ഉദ്ഘാടനം നട
ന്നത്. അഞ്ച് മാസത്തിനകം 51 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി. മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വെളളിത്തോട് പ്രദേശത്ത് നേരത്തെ വാങ്ങിയ 11. 5 ഏക്കർ സ്ഥലത്താണ് വീടുകളുടെ നിർമ്മാണം. ദുരന്തബാധിതരുടെ അഭ്യർത്ഥന പ്രകാരമാണ് മേപ്പാടി പഞ്ചായത്തിൽ തന്നെ പദ്ധതിക്കായി സ്ഥലം വാങ്ങിയത്. മൂന്ന് കിടപ്പുമുറികളും അടുക്കളയും മറ്റ് സൗകര്യങ്ങളും ഉൾപ്പെടുന്ന 1100 സ്‌ക്വയർ ഫീറ്റ് വീടുകളാണ് നൽകുന്നത്. ശുദ്ധജലവും വൈദ്യുതിയും വഴിയും ഉറപ്പാക്കിയാണ് വീടുകൾക്കായുളള സ്ഥലം ഏറ്റെടുത്തത്. പ്രധാന റോഡിനോട് ചേർന്ന് മനോഹരമായ പ്രദേശത്താണ് ടൗൺഷിപ്പ് ഒരുങ്ങിയത്. ഗുണഭോക്താക്കളുടെ നറുക്കെടുപ്പ് ചടങ്ങ് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം ഉദ്ഘാടനം ചെയ്തു. ഉപസമിതി കൺവീനർ പി.കെ ബഷീർ എം.എൽ.എ സമിതി അംഗങ്ങളായ സി. മമ്മൂട്ടി, പി.കെ ഫിറോസ്, ടി.പി.എം ജിഷാൻ, പി. ഇസ്മായിൽ, മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജൻ, പി.എം.എ സമീർ, വയനാട് ജില്ലാ പ്രസിഡന്റ് കെ കെ അഹമ്മദ് ഹാജി, ജനറൽ സെക്രട്ടറി ടി.മുഹമ്മദ്, ട്രഷറർ പി കെ അബൂബക്കർ, ജില്ലാ ഭാരവാഹികളായ എൻ കെ റഷീദ്, റസാഖ് കൽപ്പറ്റ, യഹ്യ ഖാൻ തലക്കൽ, എൻ നിസാർ അഹമ്മദ്, അബ്ദുല്ല മാടക്കര, പി പി അയ്യൂബ്, കെ ഹാരിസ്, വി അസൈനാർ ഹാജി, നിയോജകമണ്ഡലം ഭാരവാഹികളായ എം എ അസൈനാർ, സലീം മേമന, അസീസ് കോറോം, കടവൻ ഹംസ ഹാജി തുടങ്ങിയവർ സംബന്ധിച്ചു.
സന്ദർശകർക്ക് നിയന്ത്രണം മുണ്ടക്കൈ-ചൂരൽമല ദുരിതബാധിതർക്കായി ആദ്യഘട്ടത്തിൽ മുസ്ലിംലീഗ് കൈമാറുന്ന ഭവനങ്ങളുടെ അവസാനവട്ട മിനുക്ക് പണികൾ ഭംഗിയായി പൂർത്തീകരിക്കുന്നതിന് പ്രവർത്തകർ സഹകരിക്കണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം അഭ്യർത്ഥിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വയനാട്ടിലെത്തുന്ന പ്രവർത്തകർ വീടുകൾ സന്ദർശിക്കുന്നത് സന്തോഷമുള്ള കാര്യമാണെന്നും എന്നാൽ ഇനിയുള്ള സന്ദർശനം ഫെബ്രുവരി 28ന് ശേഷം മാത്രം മതിയെന്നും അദ്ദേഹം പറഞ്ഞു. ഭംഗിയിലും വൃത്തിയിലും വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറാനും അവസാന വട്ട ഒരുക്കങ്ങൾ നന്നായി പൂർത്തീകരിക്കാനും സന്ദർശകരുടെ ബാഹുല്യം പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഇത് കണക്കിലെടുത്ത് എല്ലാ പ്രവർത്തകരും ഫെബ്രുവരി 28ന് ഉദ്ഘാടന ശേഷം മാത്രം പ്രൊജക്ട് സൈറ്റ് സന്ദർശനത്തിന് സമയം കണ്ടെത്തണമെന്ന് പി.എം.എ സലാം അഭ്യർത്ഥിച്ചു.
Comments (0)
No comments yet. Be the first to comment!