1889 ഏപ്രില്‍ 16-ന് ഇംഗ്ലണ്ടിലെ ഒരു ദരിദ്ര കുടുംബത്തിലാണ് ചാര്‍ള്‍സ് സ്‌പെന്‍സര്‍ ചാപ്ലിന്‍ ജനിച്ചത്. ഹാസ്യാഭിനയത്തിലൂടെ ദാരിദ്ര്യത്തെയും ജീവിതക്ലേശങ്ങളെയും തുറന്ന് കാണിച്ച ലോകസിനിമയിലെ അതുല്യ പ്രതിഭയാണ്  ചാര്‍ളി ചാപ്ലിന്‍. പട്ടിണിയും മാതാപിതാക്കളുടെ അസുഖവും തളര്‍ത്തിയ ബാല്യമായിരുന്നു അദ്ദേഹത്തിന്റേത്. അഞ്ചാം വയസ്സില്‍ അഭിനയം തുടങ്ങിയ അദ്ദേഹം എണ്‍പതാം വയസ്സു വരെ സിനിമയില്‍ സജീവമായി തുടര്‍ന്നു. വാക്കുകളില്ലാതെ ശരീരചലനങ്ങളിലൂടെ ലോകത്തെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത 'ട്രാമ്പ്' എന്ന കഥാപാത്രമാണ് ചാപ്ലിനെ വിശ്വപ്രശസ്തനാക്കിയത്. ജാക്കറ്റും വലിയ പാന്റും ഷൂസും കറുത്ത തൊപ്പിയുമണിഞ്ഞ ആ രൂപം മാനുഷിക മൂല്യങ്ങളുടെയും ശുഭപ്രതീക്ഷയുടെയും അടയാളമായിരുന്നു.'ദ ഗോള്‍ഡ് റഷ്', 'സിറ്റി ലൈറ്റ്‌സ്', 'മോഡേണ്‍ ടൈംസ്' തുടങ്ങി 'ദ ഗ്രേറ്റ് ഡിക്‌റ്റേറ്റര്‍' ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ സിനിമകള്‍ ഇന്നും പഠനാര്‍ഹമാണ്.