പുഴകളിലും കുളങ്ങളിലും മറ്റ് ജലാശയങ്ങളിലും കുട്ടികളടക്കം ആളുകള്‍ അപകടത്തില്‍പ്പെടുകയും മരണപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്. വയനാട് ജില്ലാ പോലീസിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളിലൂടെ പുറത്തുവിട്ട ബോധവല്‍ക്കരണ വീഡിയോയിലൂടെയാണ് മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കിയത്.

അവധിക്കാലം ആഘോഷിക്കാന്‍ ജലാശയങ്ങളില്‍ എത്തുന്ന കുട്ടികളും വിനോദസഞ്ചാരികളും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് പോലീസ് നിര്‍ദ്ദേശിക്കുന്നു. പുറമേ ശാന്തമായി തോന്നുന്ന പുഴകളും ജലാശയങ്ങളും എല്ലായ്‌പ്പോഴും സുരക്ഷിതമാകണമെന്നില്ലെന്നും, ആശ്രദ്ധയുടെയും അമിത ആത്മവിശ്വാസത്തിന്റെയും ഒരു നിമിഷം മതി വലിയ ദുരന്തങ്ങള്‍ക്ക് കാരണമാകാന്‍ എന്നും വീഡിയോയില്‍ ചൂണ്ടിക്കാട്ടുന്നു.
മുതിര്‍ന്നവരുടെ മേല്‍നോട്ടമില്ലാതെ കുട്ടികളെ ജലാശയങ്ങളില്‍ വിടരുത്. നീന്തല്‍ അറിയാതെയും ജീവരക്ഷാ ഉപകരണങ്ങളില്ലാതെയും വെള്ളത്തില്‍ ഇറങ്ങുന്നത് അപകടകരമാണെന്നും മുന്നറിയിപ്പ് നല്‍കുന്നു. സുഹൃത്തുകള്‍ അപകടത്തില്‍പ്പെട്ടാല്‍ വെള്ളത്തിലേക്ക് ചാടാതെ രക്ഷാപ്രവര്‍ത്തകരെ ഉടന്‍ വിവരം അറിയിക്കണമെന്നും നിര്‍ദേശിക്കുന്നു.

സെല്‍ഫിയോ വീഡിയോയോ എടുക്കുന്നതിനായി അപകടകരമായ സ്ഥലങ്ങളിലേക്ക് പോകരുതെന്നും, 'റീലുകളേക്കാള്‍ വിലപ്പെട്ടത് ജീവന്‍ തന്നെയാണ്' എന്ന സന്ദേശവും പോലീസ് മുന്നോട്ട് വെക്കുന്നു. ലഹരി ഉപയോഗിച്ച് വെള്ളത്തിലിറങ്ങരുത്. അധികൃതരുടെ മുന്നറിയിപ്പുകളും ബോര്‍ഡുകളും കര്‍ശനമായി പാലിക്കണം. പരിചയമില്ലാത്ത ജലാശയങ്ങളില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും, ചുഴികളും അപകടകരമായ പാറക്കെട്ടുകളും ഒളിഞ്ഞിരിക്കാമെന്നും വീഡിയോയില്‍ വ്യക്തമാക്കുന്നു.