ജില്ലയിൽ കുഴൽക്കിണർ നിർമാണത്തിനായി നൽകിയ 640 -ലധികം അപേക്ഷകൾ ഭൂജലവകുപ്പിൽ കെട്ടിക്കിടക്കുന്നതായി പരാതി. കുഴൽകിണർ നിർമാണം സ്വപ്നമാത്രമായി മാറുമോ എന്ന ആശങ്കയിലാണ് അപേക്ഷകർ. മറ്റ് ജില്ലകളിൽ കുഴക്കിണർ നിർമാണം കാര്യക്ഷമമായി നടക്കുമ്പോൾ ജില്ലയെ അവഗണിക്കുകയാണെന്നാണ് ആരോപണം ഉയരുന്നത്. ഫയലുകൾ തീർപ്പാകുമെന്ന പ്രതീക്ഷയിൽ കർഷകരും സാധാരണക്കാരും ഓഫീസുകൾ കയറിയിറങ്ങി മടുത്തിരിക്കുകയാണ്. അധുനിക സംവിധാനങ്ങളുള്ള അഞ്ച് റിഗുകൾ സർക്കാർ അനുവദിച്ചിട്ടുണ്ട്. എന്നാൽ ഒരെണ്ണം പോലും ഇതുവരെ ചുരം കയറിയിട്ടില്ല. ഓഫീസിൽ നിന്ന് ട്രക്ക് മൗണ്ടഡ് റോട്ടറി റിഗ് യൂണിറ്റ്, കംപ്രസർ മൗണ്ടഡ് യൂണിറ്റ്, ട്രക്ക് വിത്ത് ഡിസ്മാൻ്റലിങ് യൂണിറ്റ് എന്നിവയ്ക്ക് വേണ്ടി പ്രപ്പോസൽ നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. സർക്കാർ ഫണ്ട് വകയിരുത്തിയെങ്കിലും ഉദ്യോഗസ്ഥ തലത്തിൽ വയനാടിനോടുള്ള അവഗണന തുടരുകയാണെന്നാണ് കർഷകരും ജനപ്രതിനിധികളും ആരോപിക്കുന്നത്. റിഗുകൾ എത്തിയില്ലെങ്കിലും ഭൂജല വകുപ്പ് ഓഫീസിൽ ഈ പോസ്റ്റർ പതിച്ചിട്ടുണ്ട്. മീനങ്ങാടിയിൽ പ്രവർത്തിക്കുന്ന ജില്ലാ ഭൂജലവകുപ്പിന് നേരത്തെ ഉണ്ടായിരുന്ന രണ്ട് റിഗുകളിൽ ഒന്ന് 2021 - ൽ തകരാറിലായി. റിഗ് പ്രവർത്തിപ്പിക്കാൻ വേണ്ട ഏക വാഹനം 15 വർഷം പിന്നിട്ടതിനാൽ കഴിഞ്ഞ ജൂണിൽ സർവീസിൽ നിന്ന് ഒഴിവാക്കി. ഇടക്കിടെ തകരാറുകൾ ഉണ്ടാകുന്ന ഉപകരണങ്ങൾ ഉപയോഗിച്ച് ഭൂജലവകുപ്പ് 2024 ജൂൺ മുതൽ 2025 ജൂൺ വരെ നൂറോളം കുഴൽക്കിണറുകൾ നിർമിച്ച് നൽകിയിട്ടുണ്ട്. പ്രശ്നപരിഹാരത്തിന് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്
Comments (0)
No comments yet. Be the first to comment!