വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രം ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറെ സ്ഥാനത്ത് നിന്ന് നീക്കി
വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രം ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ സി.വി.ഗിരീഷ്‌കുമാറിനെ സ്ഥാനത്ത് നിന്ന് നീക്കി മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ ഉത്തരവിറക്കി.ക്ഷേത്രത്തിലെ ആറാട്ടുത്സവ പ്രദര്‍ശന വിപണനമേളയുടെ ലേലത്തുക മുഴുവനും ദേവസ്വത്തില്‍ എത്താത്തതിനെ തുടര്‍ന്നാണ് നടപടി. ലേലംകൊണ്ടയാള്‍ നല്‍കിയ ചെക്ക് അക്കൗണ്ടില്‍ പണമില്ലാത്തതിനെ തുടര്‍ന്ന് മടങ്ങിയിരുന്നു. ഗിരീഷ്‌കുമാറിനെ സ്ഥാനത്ത് നിന്ന നീക്കിയും ദേവസ്വം ബോര്‍ഡ് അസി. കമ്മിഷണര്‍ എന്‍.കെ. ബൈജുവിന് വള്ളിയൂര്‍ക്കാവ് ഭഗവതി ദേവസ്വം എക്സി. ഓഫീസറുടെ അധികചുമതല നല്‍കിയുമാണ് ഉത്തരവിറങ്ങിയത്. ക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് നിഷ്‌കര്‍ഷിക്കുന്ന രീതിയിലല്ല മുന്നോട്ടു പോകുന്നതെന്ന് ചിലരില്‍ നിന്ന് പരാതിയുമുണ്ടായിരുന്നു. പൊതുജനങ്ങളില്‍ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലും ദേവസ്വത്തിന് ലഭിക്കേണ്ട ഇരുപത് ലക്ഷത്തോളം രൂപ ലഭിക്കാതതുമായി ബന്ധപ്പെട്ടാണ് നടപടിയെന്ന് ദേവസ്വം ബോര്‍ഡ് കമ്മിഷണറുടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി കമ്മിഷണര്‍ കെ.പി. മനോജ്കുമാര്‍ പറഞ്ഞു.
വള്ളിയൂര്‍ക്കാവ് ക്ഷേത്രത്തിലെ ക്ലാര്‍ക്ക് കെ.എ. ശ്രീകേഷിനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിട്ടുമുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന ട്രസ്റ്റിബോര്‍ഡ് യോഗം ശ്രീകേഷിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. എന്‍.കെ. ബൈജു എക്സിക്യുട്ടീവ് ഓഫീസറായി ചുമതലയേറ്റ ശേഷമാണ് ശ്രീകേഷിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ലേലത്തുക ദേവസ്വം അക്കൗണ്ടില്‍ എത്താത്തതിനു പിന്നില്‍ ശ്രീകേഷിനും പങ്കുണ്ടെന്ന് ദേവസ്വം ബോര്‍ഡ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് നടപടി.