സംസ്ഥാനത്ത് 557 പേരെ കൂടി പുതുതായി ഗുണ്ടാ പട്ടികയില്‍ ഉള്‍പ്പെടുത്തി. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ് എറ്റവും കൂടുതല്‍ പേരെ ഗുണ്ടാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിരന്തരം ക്രിമിനല്‍ കേസില്‍ പ്രതിയാകുന്നവരാണ് പട്ടികയിലുള്ളതെന്നാണ് പൊലീസ് പറയുന്നത്.
പുതുക്കിയ പട്ടിക അനുസരിച്ച് സംസ്ഥാനത്ത് ആകെ 2750 ഗുണ്ടകളാണ് ഉള്ളത്. അടുത്തിടെ ഗുണ്ടാ പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലാത്തവരെ ഒഴിവാക്കിയിട്ടുമുണ്ട്. ഓരോ പൊലീസ് സ്റ്റേഷന്‍ അടിസ്ഥാനത്തിലാണ് ഗുണ്ട ലിസ്റ്റ് തയ്യാറാക്കിയത്. നിലവില്‍ സജീവമായവര്‍ മാത്രമാണ് പുതിയ ലിസ്റ്റിലുള്ളതെന്നാണ് പൊലീസ് വിശദീകരണം. 701 ഗുണ്ടകള്‍ക്കെതിരെ കാപ്പ ചുമത്തിയിട്ടുണ്ട്.
അടുത്തിടെ തലസ്ഥാനത്ത് അടക്കം ഗുണ്ടാ ആക്രമണങ്ങള്‍ വര്‍ധിച്ചത് പൊലീസിന് നാണക്കേടായിരുന്നു.
ഇതിനിടെ സംസ്ഥാനത്ത് 28 പോക്‌സോ കോടതികള്‍ കൂടി തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യുന്ന അതിവേഗ കോടതികളുടെ ആകെ എണ്ണം 56 ആയി. കേന്ദ്രം അനുവദിച്ച 28 പോക്‌സോ കോടതികള്‍ തുടങ്ങാത്തത് മൂലം കേസുകളിലെ വിചാരണ വൈകുന്നത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോടതികള്‍ തുടങ്ങുന്ന മുറക്ക് ജഡ്ജിയെയും പുതിയ തസ്തിതകളും അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.