പ്ലസ് വണ്‍ സീറ്റ് വര്‍ധിപ്പിക്കല്‍: ഈയാഴ്ച തീരുമാനമുണ്ടാകും
പ്ലസ് വണ്‍ സീറ്റ് വര്‍ധിപ്പിക്കുന്നതു സംബന്ധിച്ചു സര്‍ക്കാര്‍ ഈയാഴ്ച അന്തിമ തീരുമാനമെടുക്കും. താല്‍ക്കാലിക അഡീഷനല്‍ ബാച്ചുകള്‍, സീറ്റുകളില്‍ ആനുപാതിക വര്‍ധന എന്നീ നിര്‍ദേശങ്ങളാണു മുന്നിലുള്ളത്. രണ്ടാംഘട്ട അലോട്‌മെന്റിലെ 85% സീറ്റുകളില്‍ വിദ്യാര്‍ഥികള്‍ പ്രവേശനം നേടിക്കഴിഞ്ഞു. 21 വരെയാണ് അപേക്ഷിക്കാനുള്ള സമയം. അതിനു ശേഷം എത്ര പേര്‍ക്ക് സീറ്റ് ലഭിക്കാന്‍ ബാക്കിയുണ്ടെന്നതു പരിഗണിച്ചാകും തീരുമാനം. വര്‍ധിപ്പിക്കുന്ന സീറ്റുകള്‍ കൂടി ഉള്‍പ്പെടുത്തി സപ്ലിമെന്ററി അലോട്‌മെന്റ് 26നു പ്രസിദ്ധീകരിക്കും.
‘എ പ്ലസുകാര്‍ കൂടിയത് പ്രശ്‌നം’; പ്ലസ് വണ്‍ സീറ്റില്‍ കുറവുണ്ടെന്ന് സമ്മതിച്ച് മന്ത്രി ഒട്ടേറെ കുട്ടികള്‍ക്കു സീറ്റ് ലഭിക്കാത്ത സാഹചര്യമുണ്ടെങ്കില്‍ താല്‍ക്കാലിക അഡീഷനല്‍ ബാച്ചുകള്‍ അനുവദിക്കുകയാണു സര്‍ക്കാരിനു മുന്നിലുള്ള ഒരു നിര്‍ദേശം. സീറ്റ് ലഭിക്കാത്തവരുടെ എണ്ണം കുറവാണെങ്കില്‍ നിലവിലെ സീറ്റുകളില്‍ ആനുപാതിക വര്‍ധന അനുവദിക്കും. 2012 ല്‍ സയന്‍സ് ബാച്ചുകളില്‍ സീറ്റുകളുടെ എണ്ണം 63 ആയും ഹ്യുമാനിറ്റീസ് കൊമേഴ്‌സ് ബാച്ചുകളില്‍ 68 ആയും വര്‍ധിപ്പിച്ചിരുന്നു. 10% മുതല്‍ 20% വരെ വര്‍ധനയിലൂടെ തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒരു ബാച്ചില്‍ 60 പേരെയും മറ്റു ജില്ലകളില്‍ 55 പേരെയുമാണു നിലവില്‍ അനുവദിച്ചിരിക്കുന്നത്. സീറ്റുകളുടെ എണ്ണം ഇനിയും കൂട്ടിയാല്‍ ക്ലാസ് മുറികളിലെ സ്ഥലസൗകര്യം ഉള്‍പ്പെടെ പ്രശ്‌നങ്ങളുണ്ടാകും.
താലൂക്ക് അടിസ്ഥാനത്തില്‍ അപേക്ഷകരുടെ എണ്ണവും ബാക്കിയുള്ള സീറ്റുകളുടെ എണ്ണവും കണക്കാക്കിയാകും തീരുമാനം.മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണു സീറ്റ് ലഭിക്കാന്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ ബാക്കിയുള്ളതെന്നാണു വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍. കമ്യൂണിറ്റി, സ്‌പോര്‍ട്‌സ് ക്വോട്ടകളില്‍ ബാക്കി വരുന്ന സീറ്റുകള്‍ കൂടി സപ്ലിമെന്ററി അലോട്‌മെന്റിനു പരിഗണിക്കുന്നതിനാല്‍ മറ്റു ജില്ലകളില്‍ കാര്യമായ പ്രയാസമുണ്ടാകില്ലെന്നും അധികൃതര്‍ പറയുന്നു.രണ്ട് അലോട്‌മെന്റിലായി 2,70,188 സീറ്റുകളില്‍ 2,69,533 എണ്ണത്തിലാണു പ്രവേശനം അനുവദിച്ചിരിക്കുന്നത്. കമ്യൂണിറ്റി, മാനേജ്‌മെന്റ് ക്വോട്ടകള്‍ കൂടി ചേര്‍ക്കുമ്പോള്‍ സീറ്റുകള്‍ 3,94,457 ആകും.
ഇരട്ട അപേക്ഷകള്‍ ഒഴിവാക്കിയപ്പോള്‍ 4,25,730 പേരാണ് ബാക്കിയുള്ളത്. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ തീരുമാനം നീട്ടിക്കൊണ്ടു പോകേണ്ടെന്നാണു സര്‍ക്കാരിന്റെ തീരുമാനം. നടപ്പു സമ്മേളനത്തില്‍ 3 തവണ പ്രതിപക്ഷം ഈ പ്രശ്‌നം ഉന്നയിച്ചിരുന്നു. സീറ്റ് ക്ഷാമം ഉടന്‍ പരിഹരിക്കണമെന്ന് ഇടതു മുന്നണിയിലും ആവശ്യമുയര്‍ന്നിട്ടുണ്ട്.സ്‌കൂളുകളില്‍ സീറ്റ് ലഭിക്കാത്തവര്‍ക്ക് ഓപ്പണ്‍ സ്‌കൂള്‍ (സ്‌കോള്‍ കേരള) സൗകര്യമുണ്ടെങ്കിലും രക്ഷിതാക്കളും വിദ്യാര്‍ഥികളും വിമുഖരാണ്.