കബനി നദിയില്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുന്ന മൈക്രോ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തി. മാനന്തവാടി മേരി മാതാ കോളേജ് ജന്തുശാസ്ത്ര ഗവേഷണ വിഭാഗം കബനിയുടെ കൈവഴികളില്‍ നടത്തിയ പഠനത്തിലാണ്  മൈക്രോ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തിയത്.

പ്ലാസ്റ്റിക് വസ്തുക്കള്‍, കോസ്‌മെറ്റിക്ക് ഉല്‍പ്പന്നങ്ങള്‍, ടൂത്ത് പേസ്റ്റ് തുടങ്ങിയവയുടെ വിഘടനത്തിലൂടെ രൂപപ്പെടുന്ന ചെറിയ പ്ലാസ്റ്റിക്ക് കണികളാണ് മൈക്രോ പ്ലാസ്റ്റിക്കുകള്‍. ഇവ ജലസ്രോതസുകളില്‍ കലര്‍ന്നാല്‍ ജലജീവികള്‍ ഇത് ആഹാരമാക്കും. ഇത് ആവാസ വ്യവസ്ഥയില്‍ ഗുരുതര മാറ്റങ്ങള്‍ക്ക് കാരണമാകും. ജൈവ സമ്പത്തിന്റെ സന്തുലിതാവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. പനമരം , മാനന്തവാടി പുഴകള്‍ ചേരുന്ന കൂടല്‍ കടവ് ഭാഗത്താണ് മൈക്രോ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കൂടുതല്‍ കണ്ടെത്തിയത്. കുറവ് തിരുനെല്ലി , ബേഗൂര്‍ ഭാഗത്താണ്. മലിനീകരണ തോത് ദിനംപ്രതി വര്‍ധിക്കുന്ന സ്ഥിതി ആശങ്കജനകമാണെന്ന് ഗവേഷകര്‍ പറഞ്ഞു

ജന്തുശാസ്ത്ര വിഭാഗം മേധാവി ഡോ സനു വി ഫ്രാന്‍സിസിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. ഗവേഷണ വിദ്യാര്‍ഥിയായ ശ്രുതി രാജീവന്‍, റിസര്‍ച്ച് ഇന്റേണ്‍ അലിന്‍ഡ ഷാജി, ഡോക്ടര്‍ ജോര്‍ഫൈന്‍ ജോസഫ്, ഡോക്ടര്‍ ലതിക, സിസിലി തോമസ്, ഐശ്വര്യ പുരുഷോത്തമന്‍, ഡോക്ടര്‍ ജിംലി സി ജേക്കബ് എന്നിവരും പഠനത്തില്‍ പങ്കാളികളി.