പൂക്കോട് : സംസ്ഥാനത്ത് പശുക്കളില്‍ കാണപ്പെടുന്ന വൈറസ് രോഗങ്ങളെ പ്രതിരോധിക്കാന്‍ ഫലപ്രദമായ പ്രതിരോധ കുത്തിവെയ്പ്പുകള്‍ നല്‍കുന്നുണ്ടെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൃത്യതയോടെ നടപ്പാക്കിയാല്‍ കുളമ്പുരോഗം സംസ്ഥാനത്ത് നിന്ന് നിര്‍മ്മാര്‍ജനം ചെയ്യാന്‍ കഴിയുമെന്നും മൃഗസംരക്ഷണ-ക്ഷീരവികസന-മൃഗശാല വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. കന്നുകാലികളിലെ കുളമ്പുരോഗത്തിനെതിരെ കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായി നടപ്പാക്കുന്ന പ്രതിരോധ കുത്തിവെയ്പ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പൂക്കോട് വെറ്ററിനറി കോളേജിലെ പെരിയാര്‍ ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ഏഴാംഘട്ടത്തിനും ചര്‍മ്മ രോഗപ്രതിരോധ കുത്തിവെപ്പ് മൂന്നാം ഘട്ടത്തിനുമാണ് സംസ്ഥാനത്ത് തുടക്കമായത്.
2026 ജനുവരി 23 വരെ നീണ്ടുനില്‍ക്കുന്ന വാക്‌സിനേഷന്‍ കാലയളവില്‍ മൃഗസംരക്ഷണ വകുപ്പിലെ ജീവനക്കാര്‍ വീടുകളില്‍ നേരിട്ടെത്തി ഉരുക്കള്‍ക്ക് പ്രതിരോധ കുത്തിവെയ്പ് നല്‍കും. കുത്തിവെയ്പ്പിന്റെ ഫലപ്രാപ്തി ആറ് മാസം നിലനില്‍ക്കും. സംസ്ഥാനത്താകെ 13 ലക്ഷം പശുക്കളെയും ഒരു ലക്ഷത്തിലധികം ഉരുക്കളെയും പ്രതിരോധ കുത്തിവെയ്പ്പിന് വിധേയമാക്കും. പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിന് 1916 പ്രത്യേക സ്‌ക്വാഡുകളെ സംസ്ഥാനതലത്തില്‍ നിയോഗിച്ചിട്ടുണ്ട്. ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ വാക്‌സിനേഷന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യും. ഓരോ സ്‌ക്വാഡും ദിവസേന 25 ഓളം വീടുകള്‍ സന്ദര്‍ശിച്ചാണ് പ്രതിരോധ കുത്തിവെയ്പ്പ് പൂര്‍ത്തിയാക്കുക.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന കിടാരികളില്‍ നിന്നും പടരുന്ന രോഗവ്യാപനം തടയാന്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ ക്വാറന്റൈന്‍ സംവിധാനം ഒരുക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ചര്‍മ്മരോഗത്താലോ, സൂര്യതാപമേറ്റോ മരണപ്പെടുന്ന കിടാരികളുടെ ഉടമകള്‍ക്ക് 37500 രൂപ അടിയന്തര സഹായം നല്‍കും.ഇതുവരെ ഏട്ട് കോടി രൂപയുടെ ഇന്‍ഷുറന്‍സ് അനുവദിച്ചതായും മന്ത്രി പറഞ്ഞു.രാത്രികാലങ്ങളില്‍ വാതില്‍പ്പടി വെറ്ററിനറി ആംബുലന്‍സ് സേവനം നല്‍കാന്‍ 152 ബ്ലോക്കുകള്‍ക്ക് വാഹന സൗകര്യം നല്‍കി. ഡോക്ടറുടെ സേവനത്തിനായി 1962 നമ്പറില്‍ ബന്ധപ്പെടാം. മലബാര്‍ മേഖലയില്‍ മില്‍മയിലൂടെ 100 കോടി രൂപയുടെ ലാഭം കൈവരിച്ചതായും പാലിന് കൂടുതല്‍ വില നല്‍കുന്നത് സംസ്ഥാന സര്‍ക്കാരാണെന്നും മന്ത്രി വ്യക്തമാക്കി. പാല്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പശുക്കളുടെ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ സെക്‌സ്‌സോര്‍ട്ടഡ് സെമന്‍ സംവിധാനം സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ ഡോ ടി.യു ഷാഹിന അധ്യക്ഷയായ പരിപാടിയില്‍ പൂക്കോട് വെറ്ററിനറിസര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ കെ എസ് അനില്‍, രജിസ്ട്രാര്‍ ഡോ പി. സുധീര്‍ ബാബു, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സജി ജോസഫ്, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഫെമി വി മാത്യു, എ.ഡി.സി.പി പ്രോജക്ട് കോ- ഓര്‍ഡിനേറ്റര്‍ ഷീല സാലി ടി ജോര്‍ജ്, വെറ്ററിനറി കോളേജ് ഡീന്‍ ഡോ. അജിത് ജേക്കബ് ജോര്‍ജ്, പി.എം.എസ്.എ ജില്ലാ പ്രസിഡന്റ് ബി.പി ബെന്നി, ജില്ലാ വെറ്ററിനറി കേന്ദ്രം ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. പി.എം ജെയ്കൊ, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
No comments yet. Be the first to comment!