കുട്ടികള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന കുറ്റകൃത്യങ്ങള്‍ തടയാന്‍ പോലീസിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച്  പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നു. നിയമപാലന നടപടികള്‍ക്കൊപ്പം വിദ്യാര്‍ത്ഥികളില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക്  പ്രാധാന്യം നല്‍കും. കുട്ടികളിലെ ആക്രമണവാസന, റാഗിങ്, ലഹരി ഉപയോഗം, ഡിജിറ്റല്‍ അഡിക്ഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍  കേന്ദ്രീകരിച്ച് നിയമ ബോധവതകരണ ക്ലാസ്, ജനമൈത്രി, എസ്.പി.സി, ഡി ഡാഡ്, കിഡ്‌സ് ഗ്ലൗ, ഹോപ്പ്  മുഖേന കുട്ടികള്‍ക്കിടയിലെ  സാമൂഹ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തി ലഘൂകരിക്കാന്‍ നടപടി സ്വീകരിക്കുന്നുണ്ട്.  

സ്റ്റേഷന്‍ എസ്.എച്ച്.ഒമാര്‍, ജനമൈത്രി ബീറ്റ് ഓഫിസര്‍മാര്‍, സോഷ്യല്‍ പോലീസിങ് എ.ഡി.എന്‍.ഒമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജാഗ്രതാ സമിതികളുടെ ഇടപെടലിലൂടെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന കുട്ടികളെ കണ്ടെത്തി നേര്‍വഴിക്ക് നയിക്കാനുള്ള പദ്ധതികളാണ്  പോലീസ് നടപ്പാക്കുന്നത്. കുട്ടികളിലെ പെരുമാറ്റ വ്യതിയാനങ്ങള്‍ നിരീക്ഷിക്കാന്‍ ഡി- ഡാഡ്, ഡി.സി.ആര്‍.സി കൗണ്‍സിലര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തും. അടിയന്തിര ശ്രദ്ധയാവശ്യമുള്ള മേഖലകളില്‍ ലോക്കല്‍ പോലീസും ഡാന്‍സാഫ് സംഘവും പട്രോളിങ്, പരിശോധന, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നുണ്ട്.