പനമരം : കമ്പളക്കാട് ടൗണിലെ മൂന്ന് വ്യാപാര സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്. കമ്പളക്കാട് പള്ളിക്കുന്ന് ജംങ്ഷന് സമീപത്തെ ഫോർ ജി മൊബൈൽസ്, ബ്രദേഴ്സ് ടെക്സ്റ്റൈൽസ്, ഇ.കെ. ലത്തീഫ് സ്റ്റോറിലുമാണ് കള്ളൻ കയറിയത്. തിങ്കളാഴ്ച പുലർച്ചെയോടെയാണ് മോഷണം നടന്നതെന്നാണ് വിവരം. കടയുടെ മുകളിലെ ഓടും സീലിംഗും പൊളിച്ചാണ് കടകളിൽ കയറി മോഷണം നടത്തിയത്. മുട്ടിൽ സ്വദേശി മുജീബിൻ്റെ ഉടമസ്ഥതയിലുള്ള മൊബൈൽ ഷോപ്പിൽ നിന്നും ഒരു മൊബൈൽ ഫോണും 70000 രൂപയും മോഷണം പോയി. മറ്റുരണ്ടു സ്ഥാപനങ്ങളിൽ മോഷണശ്രമം നടന്നെങ്കിലും കാര്യമായ ഒന്നും അപഹരിക്കപ്പെട്ടിട്ടില്ല. തിങ്കളാഴ്ച രാവിലെ കട തുറന്നതോടെയാണ് കള്ളൻ കയറിയതറിയുന്നത്. കമ്പളക്കാട് പോലീസും, ഡോഗ് സ്‌ക്വാഡും, വിരലടയാള വിദഗ്ധരും, ഫൊറൻസിക് വിഭാഗവും സ്ഥാപനങ്ങളിലെത്തി പരിശോധന നടത്തി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.