ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ് കണ്‍ട്രോള്‍ റൂം ആരംഭിച്ചു

0

ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് കീഴില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനായി സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയോടെ രൂപീകരിച്ച ഇന്റര്‍ ഏജന്‍സി ഗ്രൂപ്പിന്റെ കണ്‍ട്രോള്‍ റൂം കളക്ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള ഉദ്ഘാടനം നിര്‍വ്വഹിച്ചു. രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലയില്‍ ഇത്തരത്തില്‍ ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ് കണ്‍ട്രോള്‍ റൂം ആരംഭിക്കുന്നത്.

കാലവര്‍ഷ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍, അടിയന്തിര ദുരന്ത നിവാരണം, റെസ്‌ക്യൂ പ്രവര്‍ത്തനങ്ങള്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ ഏകോപനം, ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശ പ്രകാരം പ്രാദേശിക തലത്തിലുള്ള ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനം എന്നിവയാണ് കണ്‍ട്രോള്‍ റൂമിന്റെ ചുമതലകള്‍.താലൂക്ക് ഓഫീസുകളില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകളുമായും ഗ്രാമപഞ്ചായത്ത് കണ്‍ട്രോള്‍ റൂമുകളുമായും ബന്ധപ്പെട്ടാണ് ഐ.എ.ജിക്ക് കീഴിലുള്ള പ്രത്യേക പരിശീലനം ലഭിച്ച ടീം അംഗങ്ങള്‍ പ്രവര്‍ത്തിക്കുക. താലൂക്ക്, പഞ്ചായത്ത് തലത്തിലുള്ള ടീം അംഗങ്ങളുടെ വിവരങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ ലഭ്യമാണ്. മണ്‍സൂണ്‍, കോവിഡ് സാഹചര്യത്തില്‍ ഫീല്‍ഡ് തലത്തില്‍ അടിയന്തിര പ്രവര്‍ത്തനം ആവശ്യമായി വരുന്ന സാഹചര്യത്തില്‍ അതത് പ്രദേശങ്ങളിലെ ടീം അംഗങ്ങളുമായും ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ട് കണ്‍ട്രോള്‍ റൂമിന് അടിയന്തിര പ്രവര്‍ത്തനം ഉറപ്പ് വരുത്താന്‍ സാധിക്കും. കളക്ട്രേറ്റിലെ ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍, ദുരന്ത നിവാരണ സെക്ഷന്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് ഇവരുടെ പ്രവര്‍ത്തനം. പ്രാദേശികമായി ഉണ്ടാവുന്ന അടിയന്തിര സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാവുന്നതാണ്. ജില്ലാ ഭരണകൂടത്തിനും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്കും ദുരന്തലഘൂകരണം, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍, അടിയന്തിര രക്ഷാ പ്രവര്‍ത്തനം എന്നിവ നടപ്പിലാക്കുന്നതിനായാണ് ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ് രൂപീകരിച്ച് പ്രവര്‍ത്തനം നടത്തി വരുന്നത്. 50 ലധികം സംഘടനകളാണ് ഐ.എ.ജിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്. ചടങ്ങില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡെപ്യൂട്ടി കളക്ടര്‍ വി. അബൂബക്കര്‍, പ്രോഗ്രാം ഓഫീസര്‍ അമിത് രമണന്‍, ഡി.ടി.പി.സി സെക്രട്ടറി ബി. ആനന്ദ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഇന്‍ചാര്‍ജ് സുഭദ്രാ നായര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, സംഘടന പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Leave A Reply

Your email address will not be published.

error: Content is protected !!