കടുവയുടെ ആക്രമണത്തില്‍ മരോട്ടിപറമ്പില്‍ പ്രജീഷ് കൊല്ലപ്പെട്ട സാഹചര്യവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ഡോ.രേണു രാജ് സര്‍വ്വകക്ഷി യോഗം വിളിച്ചു. വനത്തില്‍ നിന്നും വന്യജീവികള്‍ ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങുന്ന സാഹചര്യങ്ങളെ കുറിച്ചും ക്ഷീര കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗങ്ങളെ സംരക്ഷിക്കേണ്ടതിനെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. പ്രജീഷിന്റെ മരണവുമായി ബന്ധപ്പെട്ട് സമഗ്രമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കണമെന്ന് എം എല്‍ എ ഐ സി ബാലകൃഷ്ണന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. പ്രജീഷിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തിന് പുറമേ അടിയന്തര സഹായമായി 50 ലക്ഷം രൂപ വനം വകുപ്പിന്റെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും അനുവദിക്കണം, പ്രജീഷിന്റെ കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി നല്‍കണം, ജനവാസ കേന്ദ്രങ്ങളിലേക്ക് വനത്തിലൂടെയുള്ള റോഡിന്റെ നവീകരണം ഉടന്‍ പൂര്‍ത്തിയാക്കണം തുടങ്ങിയ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയും ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ഉള്‍പ്പെടെയുള്ളവര്‍ ഉന്നയിച്ച കാര്യങ്ങള്‍ ഉള്‍പ്പെടുത്തി സമഗ്ര റിപ്പോര്‍ട്ട് സര്‍ക്കാറിന് നല്‍കും. കലക്ടറുടെ ചെമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷ തമ്പി, പൂതാടി പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശന്‍, ബ്ലോക്ക് മെമ്പര്‍ ഇ.കെ ബാലകൃഷ്ണന്‍, വാര്‍ഡ് മെമ്പര്‍ രുഗ്മണി സുബ്രമണ്യന്‍, സബ് കലക്ടര്‍ മിസല്‍ സാഗര്‍ ഭരത്, എ.ഡി.എം എന്‍.ഐ ഷാജു, സുല്‍ത്താന്‍ ബത്തേരി തഹസില്‍ദാര്‍ വി. കെ ഷാജു, ബത്തേരി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ദിനേശ് കുമാര്‍, വാകേരി സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. ജെയ്‌സ്, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.