കല്‍പ്പറ്റ: എസ്‌ഐആര്‍' സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍' കുറച്ച് നാളുകളായി ഈ ചുരുക്കപ്പേര് കേള്‍ക്കാന്‍ തുടങ്ങിയിട്ട്. ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍ പട്ടികയുടെ കൃത്യത ഉറപ്പാക്കുന്നതിനായി നടത്തുന്ന ഒരു പരിഷ്‌കരണ പ്രക്രിയയാണ് എസ് ഐ ആര്‍. വോട്ടര്‍ പട്ടികയില്‍ യോഗ്യരായ എല്ലാ പൗരന്മാരെയും ഉള്‍പ്പെടുത്തുന്നതിനും, മരിച്ചുപോയവര്‍, താമസം മാറിയവര്‍, ഒന്നിലധികം സ്ഥലങ്ങളില്‍ പേരുള്ളവര്‍ എന്നിവരെ ഒഴിവാക്കുന്നതിനും വേണ്ടിയുള്ള ഒരു വീടുവീടാന്തരമുള്ള പരിശോധന ആണിത്.
ഇതിനായി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ ഇന്നുമുതല്‍ ഓരോ വീട്ടിലും നേരിട്ട് എത്തുകയും, നിലവിലെ വോട്ടര്‍മാരുടെ വിവരങ്ങള്‍ സ്ഥിരീകരിക്കുകയും, പുതിയ വോട്ടര്‍മാരെ കണ്ടെത്തുകയും ചെയ്യും. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ ഒരു എന്യൂമറേഷന്‍ ഫോം നിങ്ങള്‍ക്ക് നല്‍കും. വോട്ടര്‍മാര്‍ക്കോ വീട്ടിലുള്ള അവരുടെ ബന്ധുക്കള്‍ക്കോ ഫോമുകള്‍ പൂരിപ്പിച്ച്, സത്യവാങ്മൂലം നല്‍കാം. ആദ്യ ഘട്ടത്തില്‍ രേഖകള്‍ സമര്‍പ്പിക്കേണ്ടതില്ല. എന്യൂമറേഷന്‍ ഫോമുകളില്‍ വോട്ടര്‍മാരുടെ പേരും വിലാസവും, വോട്ടര്‍ റോളിലെ ഫോട്ടോ തുടങ്ങിയ മുന്‍കൂട്ടി അച്ചടിച്ച വിവരങ്ങള്‍ ഉണ്ടായിരിക്കും. എന്യൂമറേഷന്‍ ഫോമില്‍ ഏറ്റവും പുതിയ ഫോട്ടോ നല്‍കാനും അടിസ്ഥാന വിവരങ്ങള്‍ പുതുക്കാനും വോട്ടര്‍ക്ക് അവസരം ഉണ്ടാകുമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചിരിക്കുന്നത്.
ഒന്നാം ഘട്ടം പൂര്‍ത്തിയാക്കുമ്പോള്‍ സ്ഥലത്ത് ഇല്ലാത്തതും, മാറിത്താമസിച്ചവരും, മരിച്ചവരുമായ വോട്ടര്‍മാര്‍ നീക്കം ചെയ്യപ്പെടും. ഡിസംബര്‍ 9 ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിനുശേഷം ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ തലത്തിലുള്ള വിശദപരിശോധന ആരംഭിക്കും. ഈ ഘട്ടത്തില്‍ ആണ് രേഖകള്‍ സമര്‍പ്പിക്കേണ്ടിവരിക. 2002 ലെ എസ്ഐആര്‍ റോളുകളുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ലഭ്യമല്ലെങ്കിലോ ഡാറ്റാബേസുമായി പൊരുത്തപ്പെടുന്നില്ലെങ്കിലോ മാത്രമാണ് രേഖകള്‍ ആവശ്യമായിവരിക.
1987 ന് മുമ്പ് ജനിച്ചവര്‍ക്ക്, അവരുടെ ജനനത്തീയതിയും ജനനസ്ഥലവും സ്ഥാപിക്കുന്ന 13 രേഖകളില്‍ ഒന്ന് മതിയാകും. 1987 നും 2004 നും ഇടയില്‍ ജനിച്ചവര്‍ക്ക് അവരുടെ മാതാപിതാക്കളില്‍ ഒരാളുടെ രേഖകളാണ് നല്‍കേണ്ടിവരിക. 2004 ന് ശേഷം ജനിച്ച വോട്ടര്‍മാര്‍ക്ക്, രണ്ട് മാതാപിതാക്കളുടെയും ജനനത്തീയതിയും സ്ഥലവും സ്ഥാപിക്കുന്ന രേഖകള്‍ ആവശ്യമാണ്. ഇന്ത്യയ്ക്ക് പുറത്ത് ജനിച്ചവരാണെങ്കില്‍, വിദേശത്തുള്ള ഇന്ത്യന്‍ മിഷന്‍ നല്‍കുന്ന ജനന രജിസ്ട്രേഷന്‍ സര്‍ട്ടഫിക്കറ്റ് സമര്‍പ്പിക്കാം. രജിസ്ട്രേഷന്‍ അല്ലെങ്കില്‍ നാച്ചുറലൈസേഷന്‍ വഴി വോട്ടര്‍ ഇന്ത്യന്‍ പൗരത്വം നേടിയിട്ടുണ്ടെങ്കില്‍, പൗരത്വ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്.
ജനാധിപത്യ രാജ്യത്ത് വോട്ടിന്റെ പ്രാധാന്യം വളരെ വലുതാണ്. വോട്ട് ചെയ്യാനുള്ള അവകാശം വെറുമൊരു പൗരാവകാശം എന്നതിലുപരി, രാജ്യത്തിന്റെ ഭാവിയെ രൂപപ്പെടുത്തുന്നതിനുള്ള ഏറ്റവും വലിയ ആയുധമാണ് അത്. വോട്ട് ചെയ്യാനുള്ള അവകാശത്തെ വിനിയോഗിക്കാം...
Comments (0)
No comments yet. Be the first to comment!