തിരുനെല്ലി: ബസ് യാത്രക്കാരനില്‍ നിന്ന് വാണിജ്യാടിസ്ഥാനത്തില്‍ കടത്തികൊണ്ടുവന്ന എം.ഡി.എം.എ പിടികൂടി. മലപ്പുറം, മൊന്നിയൂര്‍  ചേറശേരി വീട്ടില്‍ എ.പി. ഷക്കീലു റുമൈസ്(29)നെയാണ് ലഹരിവിരുദ്ധ സ്‌ക്വാഡും തിരുനെല്ലി പോലീസും ചേര്‍ന്ന് പിടികൂടിയത്. 06.12.2025 തീയതി രാവിലെ കാട്ടിക്കുളത്ത് നടത്തിയ പരിശോധനയിലാണ് ഇയാള്‍ വലയിലായത്. കര്‍ണാടക ഭാഗത്ത് നിന്നും വന്ന ഡി.എല്‍.ടി ബിഗ്ബസിലെ യാത്രക്കാരനായിരുന്ന ഇയാളുടെ ട്രാവല്‍ ബാഗില്‍ നിന്നുമാണ് 29.662 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്. തിരുനെല്ലി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ എം. ബിജു, എസ്.ഐ കെ.കെ. സോബിന്‍ തുടങ്ങിയവരടങ്ങിയ പോലീസ് സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

നിരീക്ഷണവും പരിശോധനയും ശക്തം

തദ്ദേശ തിരഞ്ഞെടുപ്പും ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങളും അടുത്തുവന്ന സാഹചര്യത്തില്‍ ലഹരി കടത്ത് തടയാന്‍ കര്‍ശന നടപടികളുമായി വയനാട് പോലീസ് സജ്ജമാണ്. ശക്തമായ നിരീക്ഷണവും പരിശോധനയുമായി ജില്ലയുടെ മുക്കിലും മൂലയിലും ജില്ലാതിര്‍ത്തികളിലും പോലീസുണ്ട്. 
കഴിഞ്ഞ ഒരു മാസത്തിനിടെ വാണിജ്യാടിസ്ഥാനത്തില്‍ കടത്തികൊണ്ട് വന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന എം.ഡി.എം.എ പോലീസ് പിടികൂടിയിരുന്നു. 20.11.2025 വ്യാഴാഴ്ച ബത്തേരി മന്തേട്ടിക്കുന്നിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 21.48 ഗ്രാം, 22.11.2025 ശനിയാഴ്ച പുലര്‍ച്ചെ നടത്തിയ വാഹന പരിശോധനയില്‍ ടൂറിസ്റ്റ് ബസില്‍ കടത്തുകയായിരുന്ന 245 ഗ്രാം, മുത്തങ്ങ ചെക്ക് പോസ്റ്റില്‍ വില്‍പ്പനക്കായി കാറില്‍ കടത്തുകയായിരുന്ന 95.93 ഗ്രാം എന്നിങ്ങനെ വാണിജ്യാടിസ്ഥാനത്തില്‍ കടത്തികൊണ്ടുവന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന എംഡിഎംഎയാണ് പിടികൂടിയത്. വലിയ ലഹരി ശൃംഖലയെയാണ് പോലീസ് തകര്‍ത്തത്. നവംബറില്‍ മാത്രം 112 ലഹരി കേസുകള്‍ ജില്ലയിലെ വിവിധ സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തു. ലഹരിയുമായി 128 പേരെ പിടികൂടി. 380.28 ഗ്രാം എം.ഡി.എം.എ, 335.69 ഗ്രാം കഞ്ചാവ്, 58.61 ഗ്രാം കഞ്ചാവ് മിഠായികളുമാണ് പിടിച്ചെടുത്തത്.