സുല്‍ത്താന്‍ ബത്തേരി കട്ടയാട് പുലി ഭീതി മാറുന്നില്ല. കഴിഞ്ഞ രാത്രിയിലും പ്രദേശത്ത് എത്തിയ പുലി രത്‌നഗിരി രാജന്റെ വളര്‍ത്തുനായയെ പിടികൂടി കൊണ്ടുപോയി. പുലി ആക്രമണത്തിന് പരിഹാരം കാണണമെന്നും, നാട്ടുകാരുടെ ഭയാശങ്ക അകറ്റണമെന്നും ആവശ്യം.

സുല്‍ത്താന്‍ബത്തേരി ടൗണിനോട് ചേര്‍ന്നുള്ള കട്ടയാടാണ് വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെ പുലിയാക്രമണം പതിവായിരിക്കുന്നത്.  കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ രണ്ടാമത്തെ വളര്‍ത്തുനായയെയാണ് പുലി ആക്രമിക്കുന്നത്. കഴിഞ്ഞ രാത്രിയില്‍ കട്ടയാട് രത്‌നഗിരി രാജന്റെ വളര്‍ത്തുനായയെ പുലി പിടികൂടി കൊണ്ടുപോയി. സംഭവത്തെ തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി നായയെ പിടികൂടിയത് പുലിയാണെന്ന് സ്ഥിരീകരിച്ചു.

കട്ടയാട് ഭാഗത്ത് പുലി ശല്യം തുടരുന്നത് നാട്ടുകാരെ ഭീതിയിലാക്കിയിട്ടുണ്ട്. പലരും പുലിയെ നേരിട്ട് കാണുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പുലി ശല്യത്തിന് ശാശ്വത പരിഹാരം കണ്ട് നാട്ടുകാരുടെ ഭയാശങ്ക അകറ്റണമെന്നുമാണ് ആവശ്യമുയരുന്നത്.