വൈൽഡർനെസ്സ് മെഡിസിൻ ദേശീയ ശില്പശാല ശ്രദ്ധേയമായി

0

മേപ്പാടി : ആസ്റ്റർ ഡി എം ഹെൽത്ത്‌ കെയർ അത്യാഹിത വിഭാഗത്തിന്റെ നേതൃത്വത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുവരുന്ന ഇന്ത്യയിലെ ഏറ്റവും വലിയ എമര്‍ജന്‍സി കോണ്‍ക്ലേവിന്റെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ അത്യാഹിത ചികിത്സാ വിഭാഗത്തിൽ വൈൽഡർനെസ്സ് മെഡിസിന്റെ സാധ്യതകളെക്കുറിച്ചുള്ള ഏകദിന ദേശീയ ശില്പശാലക്ക് അമേരിക്കയിലെ അരിസോണ യൂണിവേഴ്സിറ്റിയിലെ അനസ്തേഷ്യ വിഭാഗം എംഡി യും വൈൽഡർനെസ്സ് മെഡിസിൻ സ്പെഷ്യലിസ്റ്റുമായ ഡോ. കെറി ക്രീഡൽ നേതൃത്വം നൽകി.

വൈൽഡർനെസ്സ് മെഡിസിനിൽ കേരളത്തിനുള്ള പ്രാധാന്യം കണക്കിലെടുത്താണ് പ്രസ്തുത ശില്പശാല ഇവിടെ നടത്തിയത്.

വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, പേമാരി, കൊടുംകാറ്റ് തുടങ്ങിയ പ്രകൃതി ക്ഷോഭങ്ങളിൽ ചെയ്യേണ്ട അടിയന്തിര ചികിത്സകൾ കൂടാതെ വന്യജീവി സർവ്വേകൾ, സാഹസിക സഞ്ചാരത്തിന്റെ ഭാഗമായുള്ള മലകയറ്റം, തണ്ടർബോൾട്ട് പോലുള്ള സേനകളുടെ സേവനം തുടങ്ങിയ വന്യമായ സാഹചര്യങ്ങളിൽ  ഉണ്ടായേക്കാവുന്ന അപകടങ്ങളിൽ മറ്റ് ചികിത്സാ മുറകളുടെ അപര്യാപ്തത ജീവഹാനിക്ക് കാരണമാകാറുണ്ട്. ഇത്തരം ഘട്ടങ്ങളിൽ ആ സ്ഥലങ്ങളിൽ ലഭ്യമായ പ്രകൃതിവിഭവങ്ങൾ ഉപയോഗിച്ച് എങ്ങനെ അടിയന്തിര ചികിത്സ ലഭ്യമാക്കാം എന്നതിനെ കുറിച്ചുള്ള പ്രായോഗിക മാർഗങ്ങൾ ശില്പശാല ചർച്ച ചെയ്തു.

ആധുനിക വൈദ്യശാസ്ത്രത്തിലെ ഏറ്റവും നൂതനമായ ചികിത്സാ ശാഖകളിലൊന്നാണ് എമര്‍ജന്‍സി മെഡിസിന്‍. അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന ഈ മെഡിക്കല്‍ മേഖലയെ ഇന്ത്യയില്‍ പരിചയപ്പെടുത്തിയതിലും വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയതിലും കേരളത്തിന്, പ്രത്യേകിച്ച് മലബാര്‍ മേഖലയ്ക്കും ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്കും നിര്‍ണ്ണായകമായ പങ്കുണ്ട്. എമര്‍ജന്‍സി മെഡിസിന്‍ മേഖലയുടെ വളര്‍ച്ചയെ പുതിയ തലത്തിലേക്ക് കൈപിടിച്ചുയര്‍ത്തിക്കൊണ്ട് ഏഷ്യയിലെ ഏറ്റവും വലിയ എമര്‍ജന്‍സി കോണ്‍ക്ലേവിന് കേരളം ആതിഥ്യം വഹിക്കുന്നത് ഇതാദ്യമായാണ്. ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്, ആസ്റ്റര്‍ മിംസ് കോഴിക്കോട്, കോട്ടക്കല്‍, കണ്ണൂര്‍, ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, ആസ്റ്റര്‍ മദര്‍ അരീക്കോട് എന്നിവയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന നാല് ഘട്ടങ്ങളിലായുള്ള കോൺക്ലേവിൽ ആദ്യ ഘട്ടം അടിയന്തര ജീവന്‍ രക്ഷാ ഉപാധികളെക്കുറിച്ച് സാധാരണക്കാരെ ബോധവത്കരിക്കുക എന്നതാണ് . രണ്ടാം  ഘട്ടമായ
പ്രീകോൺഫെറൻസ് വർഷോപ്പിന്റെ ഭാഗമായാണ് ഡിഎംഎംസി യിൽ ശില്പശാല സംഘടിപ്പിച്ചത്.

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റീ യു. ബഷീറിന്റെ സാന്നിധ്യത്തിൽ മെഡിക്കൽ കോളേജ് ഡീൻ ഡോ. ഗോപകുമാരൻ കർത്ത ശില്പശാല ഉൽഘാടനം ചെയ്തു. ഡോ. കെറി ക്രീഡൽ, ആസ്റ്റർ മെഡ്സിറ്റി, കൊച്ചിയിലെ അത്യാഹിത വിഭാഗം മേധാവി ഡോ. ജോൺസൺ കെ വർഗീസ്, മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ്‌ നാരായണൻ,ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗം മേധാവി ഡോ. സർഫാരാസ് ഷെയ്ഖ്, ജനറൽ മെഡിസിൻ വിഭാഗം മേധാവി ഡോ. ശുഭ ശ്രീനിവാസ് എന്നിവർ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!