ലോക മുലയൂട്ടൽ വാരാചരണത്തിന് നാളെ  തുടക്കം

0

ലോക മുലയൂട്ടൽ വാരാചരണത്തിന് നാളെ
തുടക്കം

മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുക, ഇതു സംബന്ധിച്ച ശരിയായ അവബോധം സൃഷ്ടിക്കുക എന്നീ ലക്ഷ്യത്തോടെ ലോകാരോഗ്യ സംഘടന സംഘടിപ്പിക്കുന്ന മുലയൂട്ടൽ വാരാചരണത്തിന് നാളെ തുടക്കമാവും. എല്ലാ വർഷവും ഓഗസ്റ്റ് ഒന്നു മുതൽ ഏഴു വരെയാണ് മുലയൂട്ടൽ വാരമായി ആചരിക്കുന്നത്. ‘മുലയൂട്ടൽ പരിരക്ഷണം: ഒരു കൂട്ടായ ഉത്തരവാദിത്തം’ എന്നതാണ് ഈ വർഷത്തെ വാരാചരണത്തിൻ്റെ പ്രമേയം.

മുലപ്പാലിൻ്റെ സവിശേഷതകൾ

കുഞ്ഞിന് വലിച്ച് കുടിക്കാൻ ഉതകും വിധം ദ്രവ രൂപത്തിലുള്ളതും പാകത്തിന് ചൂടുള്ളതുമായ മുലപ്പാൽ ഒരു സമീകൃതാഹാരമാണ്. ആവശ്യത്തിന് അന്നജവും മാംസ്യവും, കൊഴുപ്പും, ജീവകങ്ങളും, ധാതുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്. ലാക്ടോസ് കൂടുതൽ അടങ്ങിയ മുലപ്പാൽ മാധുരമുള്ളതാണ്. ദഹനത്തെ സഹായിക്കുന്നതും, പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നതുമായ നിരവധി എൻസൈമുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. കുഞ്ഞിന്റെ വളർച്ചയെ ത്വരിതപ്പെടുത്തുന്ന വിവിധ ഘടകങ്ങളും, കുഞ്ഞിന്റെ തലച്ചോറിന്റെ വളർച്ച പരിപോഷിപ്പിക്കുന്ന സവിശേഷമായ ലോംഗ് ചെയിൻ ഫാറ്റി ആസിഡുകളും ഇതിലുണ്ട്. മുലപ്പാൽ അണുവിമുക്തമാണെന്നതിന് ഒപ്പം, രോഗാണുക്കളെ പ്രതിരോധിക്കാൻ ശേഷിയുള്ള വിവിധ ഘടകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. അമ്മയിൽ നിന്നുമുള്ള ആന്റിബോഡികളും കുഞ്ഞിന്റെ രോഗ പ്രതിരോധത്തിന് സഹായിക്കും.

കുഞ്ഞിന്റെ വളർച്ചയിലും വികാസത്തിലും മുലപ്പാൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പ്രസവ ശേഷം ഉടൻ തന്നെ മുലയൂട്ടുന്നത് അമ്മയുടെ ഗർഭപാത്രം പെട്ടെന്ന് ചുരുങ്ങുന്നതിനും, രക്തസ്രാവം തടയുന്നതിനും സഹായിക്കും. മാറിനും, അണ്ഡാശയത്തിലും ഉണ്ടാകുന്ന അർബുദത്തിന്റെ സാധ്യത കുറയ്ക്കാനും മുലയൂട്ടുന്നതിലൂടെ സാധിക്കും. മുലയൂട്ടൽ അമ്മയുടെ ശരീരത്തിലെ അമിതമായ കൊഴുപ്പ് ഒഴിവാക്കി ശരീര സൗന്ദര്യം നിലനിർത്താനും സഹായിക്കും. കുഞ്ഞ് ജനിച്ച് ആദ്യത്തെ ആറു മാസക്കാലം മുലപ്പാൽ മാത്രമാണ് നൽകേണ്ടത്. കുഞ്ഞിന് രണ്ട് വയസ്സാകുന്നത് വരെ മുലപ്പാലൂട്ടുന്നത് തുടരുകയും വേണം. കുഞ്ഞ് ജനിച്ചു കഴിഞ്ഞാൽ എത്രയും വേഗം മുലയൂട്ടിത്തുടങ്ങണം. മുലപ്പാലൂട്ടുന്നതിന് വിഘാതമായ അസുഖങ്ങളൊന്നും കുഞ്ഞിനും അമ്മയ്ക്കും ഇല്ലെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം മുലയൂട്ടി തുടങ്ങാവുന്നതാണ്. മുലപ്പാൽ അല്ലാതെ മറ്റൊന്നും കുഞ്ഞിന് നൽകേണ്ടതില്ല.

മുലയൂട്ടേണ്ട വിധം

അമ്മയ്ക്ക് സൗകര്യപ്രദമായ ഏത് രീതിയിലും മുലയൂട്ടാം. മുലയൂട്ടുന്നതിനിടയിൽ പ്രത്യേകിച്ച് രാത്രിയിൽ അമ്മയും, കുഞ്ഞും ഉറങ്ങിപ്പോകാനും അതുവഴി മുലപ്പാൽ കുഞ്ഞിന്റെ ശ്വാസനാളത്തിൽ കയറി അപകടമുണ്ടാകാനും സാധ്യതയുള്ളതിനാൽ, കിടന്നു മുലയൂട്ടുന്നതിനെ പലപ്പോഴും ഡോക്ടർമാർ നിരുത്സാഹപ്പെടുത്താറുണ്ട്. അമ്മയ്ക്ക് ആയാസരഹിതമായി ചാരി ഇരുന്ന് അമ്മയുടെ ഇടതു കൈത്തണ്ടയിൽ കുഞ്ഞിന്റെ തലയും ചുമലും അരക്കെട്ടും ഒരേ തലത്തിൽ വരുന്നതു പോലെ കിടത്തി, ദേഹത്തോട് ചേർത്തു പിടിച്ചാണ് മുലയൂട്ടേണ്ടത്. മുലക്കണ്ണ് മാത്രമായി കുഞ്ഞിന്റെ വായിലേക്ക് വെക്കാതെ മുലക്കണ്ണിന് ചുറ്റുമുള്ള കറുപ്പാർന്ന ഭാഗം മുഴുവനായി കുഞ്ഞിന് ലഭിക്കുന്ന വിധത്തിൽ വേണം മുലയൂട്ടേണ്ടത്. ഇതിനായി തന്റെ വലതു കൈയ്യിലെ ചൂണ്ടുവിരലും, തള്ളവിരലും ഉപയോഗിച്ച് അമ്മയ്ക്ക് മുലക്കണ്ണ് പിടിച്ചു കൊടുക്കാം.

ഓരോ കുഞ്ഞും സവിശേഷ സ്വഭാവമുള്ളവരാണ്. അവരുടെ ആവശ്യാനുസരണം മുലയൂട്ടുക എന്നതാണ് പ്രധാനം. കുഞ്ഞിന് പാലു വേണം എന്ന ആവശ്യം അറിയിക്കുന്ന സൂചനകൾ പതുക്കെ അമ്മയ്ക്ക് അറിയാറായിത്തുടങ്ങും. അതിനനുസരിച്ച് പാലൂട്ടണം. ശരാശരി രണ്ടു, രണ്ടര മണിക്കൂർ കൂടുമ്പോൾ പാലൂട്ടാം. ഇത് ഓരോ കുഞ്ഞിലും വ്യത്യാസപ്പെട്ടിരിക്കും . ശരാശരി പ്രതിദിനം 8-12 തവണ മുലയൂട്ടണം. രാത്രിയിലും ചുരുങ്ങിയത് 3-4 തവണ മുലയൂട്ടേണ്ടതുണ്ട്. മുലപ്പാൽ കുടിച്ചു കഴിഞ്ഞ് കുഞ്ഞ് ശാന്തമായി ഉറങ്ങുകയും, ആവശ്യത്തിന് തൂക്കം വെക്കുകയും, പ്രതിദിനം അഞ്ചാറ് തവണ മൂത്രം ഒഴിക്കുകയും, ആവശ്യത്തിന് മലം പോകുകയും ചെയ്യുന്നുണ്ടെങ്കിൽ ആവശ്യത്തിന് മുലപ്പാൽ ഉണ്ടെന്ന് മനസ്സിലാക്കാം. പ്രതിദിനം മൂന്ന് ലിറ്റർ വരെ (പതിനഞ്ച് ഗ്ലാസ് വീതം) വെള്ളം കുടിക്കുക, ഇലക്കറികൾ പഴവർഗങ്ങൾ, മത്തി എന്നിവ ഉൾപ്പെടുന്ന ആഹാരം കഴിയ്ക്കുക എന്നതിലൂടെ മുലപ്പാൽ വർധിപ്പിക്കാൻ സാധിക്കും.

കുഞ്ഞുങ്ങൾക്ക് സാധാരണ ഗതിയിൽ പൊടിപ്പാൽ ആവശ്യമായി വരാറില്ല. ജോലി ചെയ്യുന്ന അമ്മമാരാണെങ്കിലോ, അപൂർവ്വമായി മുലപ്പാൽ കുറഞ്ഞ അവസ്ഥയോ, മുലപ്പാൽ കൊടുക്കാനാവാത്ത സന്ദർഭങ്ങളിലോ മാത്രമാണ് പൊടിപ്പാൽ നൽകേണ്ടി വരുന്നത്. മാസം തികയാതെ പ്രസവിച്ച കുഞ്ഞുങ്ങൾക്കും ഇതാവശ്യമായി വരും. ഈ സന്ദർഭങ്ങളിൽ ഡോക്ടറുടെ നിർദേശ പ്രകാരം മാത്രമാണ് ഫോർമുല ഫീഡ്സ് ഉപയോഗിക്കേണ്ടത്.

Leave A Reply

Your email address will not be published.

error: Content is protected !!