സംസ്ഥാനത്ത് പാല്‍ വില വര്‍ധനവ് തത്കാലത്തേക്ക് നടപ്പാക്കില്ല പകരം ഉത്പാദന ചെലവ് കുറയ്ക്കുമെന്ന് മൃഗ സംരക്ഷണ – ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. മില്‍മ മുഖേന മീനങ്ങാടി ക്ഷീരോല്പാദക സഹകരണ സംഘത്തില്‍ സ്ഥാപിച്ച 13 കിലോവാട്ട് ഉല്‍പ്പാദന ശേഷിയുളള സൗരോര്‍ജ നിലയത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. ഉത്പാദന ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി കര്‍ഷകര്‍ക്ക് സബ്സിഡി നിരക്കില്‍ കാലിത്തീറ്റ നല്‍കുന്ന പദ്ധതി ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പാലുത്പാദനത്തില്‍ സ്വയം പര്യാപ്തത എന്ന ലക്ഷ്യം രണ്ട് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനം കൈവരിക്കും. സംസ്ഥാനത്ത് ഇതിനോടകം തന്നെ അധിക ഉത്പാദനം നടക്കുന്നുണ്ട്. ക്ഷീരകര്‍ഷകരെ സഹായിക്കുന്നതിനും കൂടുതല്‍ പേരെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിനുമായി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. കോവിഡ് പ്രതിസന്ധിയില്‍ നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ക്ഷീര കൃഷി നടത്തുന്നതിനായി പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ദേശീയ ക്ഷീര വികസന പദ്ധതി പ്രകാരമുള്ള ധനസഹായത്തോടെ മില്‍മ മുഖേന 8.5 ലക്ഷം രൂപ ചെലവിലാണ് തെനേരി ക്ഷീരോത്പാദക സഹകരണ സംഘത്തില്‍ സൗരോര്‍ജ നിലയം സ്ഥാപിച്ചത്. സൗരോര്‍ജ നിലയത്തില്‍ നിന്ന് അധികം വരുന്ന വൈദ്യുതി കെ.എസ്.ഇ.ബി യിലേക്കാണ് നല്‍കുന്നത്. തെനേരി ക്ഷീരോത്പാദക സഹകരണ സംഘത്തില്‍ നടന്ന ചടങ്ങില്‍ ടി. സിദ്ദിഖ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, മില്‍മ മലബാര്‍ യൂണിയന്‍ ചെയര്‍മാന്‍ കെ.എസ്. മണി, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. ഉഷാദേവി, മില്‍മ മലബാര്‍ യൂണിയന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. പി മുരളി, തെനേരി ക്ഷീര സംഘം പ്രസിഡന്റ് പി.ടി. ഗോപാലക്കുറുപ്പ്, സെക്രട്ടറി കെ.ജി. എല്‍ദോ തുടങ്ങിയവര്‍ പങ്കെടുത്തു.