വയനാട് എന്ന വയല്‍നാട്
വയനാട് വയല്‍നാട്ടിലേക്ക് തിരിച്ച് വരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.2019 ല്‍ 7190 ഹെക്ടര്‍ വയലിലാണ് നഞ്ചകൃഷി ചെയ്തതെങ്കില്‍ 2020 ഡിസംബര്‍ 31 വരെ 7626. 72 ഹെക്ടറിലാണ് കൃഷി ഇറക്കിയത്.500 ഹെക്ടറിലാണ് ഒരു വര്‍ഷത്തിനുള്ളില്‍ കൃഷി അധികമായി ചെയ്തത് എന്നുള്ളത് ജില്ലയുടെ കാര്‍ഷിക രംഗത്ത് ഏറെ പ്രതീക്ഷയേകുന്നതാണ്.
വയലുകളുടെ നാട് എന്നറിയപ്പെട്ടിരുന്ന വയനാട്ടില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നെല്‍കൃഷിയുടെ വിസ്തൃതി കുറഞ്ഞ് വരികയായിരുന്നു.ഉല്‍പ്പാദന ചിലവ് കൂടുകയും ഉല്‍പ്പന്നങ്ങള്‍ക്ക് വില ലഭിക്കാതിരിക്കുകയും ജോലിക്ക് ആളെ കിട്ടാതാവുകയും ചെയ്തതോടെ ജില്ലയില്‍ തരിശായി കിടക്കുന്ന പാടശേഖരങ്ങളുടെ വിസ്തൃതി വര്‍ഷം തോറും വര്‍ദ്ധിക്കുകയുമായിരുന്നു,എന്നാല്‍ ഇപ്പോള്‍ നെല്‍കൃഷി വര്‍ദ്ധിച്ച് വരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.രണ്ട് പ്രളയങ്ങളില്‍ ജില്ലയില്‍ വ്യാപകമായി നെല്‍കൃഷി നശിച്ചതിന് ശേഷമുള്ള ഈ ഉയിര്‍ത്തെഴുന്നേല്‍പ്പ് ഏറെ ശ്രദ്ധേയമാണ്.ലോക്ക് ഡൗണ്‍ കാലത്ത് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ പലരും നെല്‍കൃഷിയിലേക്ക് ഇറങ്ങിയതും കൃഷി വര്‍ദ്ധനവിന് കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നുണ്ട്.കൂടാതെ ജെ എല്‍ ജി ഗ്രൂപ്പുകള്‍,സ്വാശ്രയ സംഘങ്ങള്‍,വിവിധ കൂട്ടായ്മകള്‍ എന്നിവരെല്ലാം നെല്‍ക്കൃഷിയിലേക്ക് തിരിഞ്ഞതോടെ ജില്ലയില്‍ തരിശ് നെല്‍വയലുകളുടെ വിസ്തൃതി ഗണ്യമായി കുറഞ്ഞു.ഇതിന് പുറമെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ പച്ചക്കറി,പയര്‍വര്‍ഗ്ഗങ്ങള്‍,കിഴങ്ങ് വര്‍ഗ്ഗങ്ങള്‍,നേന്ത്ര എന്നിവ 390 ഹെക്ടര്‍ സ്ഥലത്തും കഴിഞ്ഞ വര്‍ഷം കൃഷി ചെയ്തു.രൂക്ഷമായ പ്രതിസന്ധി നേരിട്ടിരുന്ന ജില്ലയിലെ കാര്‍ഷിക രംഗത്ത് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് പുതുവര്‍ഷത്തിലെ സ്ഥിതിവിവര കണക്കുകള്‍