കാട്ടാനയെ ചരിഞ്ഞനിലയില്‍ കണ്ടെത്തി. സുല്‍ത്താന്‍ ബത്തേരി റേഞ്ചിലെ പൊന്‍കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ കോളൂര്‍ വനാതിര്‍ത്തിയിലാണ് നാല്‍പത് വയസിനടുത്ത് പ്രായം മതിക്കുന്ന കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വനാതിര്‍ത്തിയിലെ ആനപ്രതിരോധ കിടങ്ങിലാണ് കാട്ടാനയുടെ ജഡം ഇന്ന് രാവിലെ കണ്ടെത്തിയത്. വനാതിര്‍ത്തിയില്‍ വനം വകുപ്പ് സ്ഥാപിച്ച ഫെന്‍സിംഗില്‍ നിന്നുളള ഷോക്കാണ് ആന ചെരിയാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് കാട്ടാനയെ ചരിഞ്ഞ നിലയില്‍ പ്രദേശവാസികള്‍ കണ്ടത്. ട്രഞ്ചില്‍ മുട്ടുകുത്തി കിടക്കുന്ന നിലയിലായിരുന്നു ജഡം. ഇടതു മുന്‍ കാലിനിടയിലും വലത് കൊമ്പിനിടയിലുമായി വനംവകുപ്പ് അതിര്‍ത്തിയില്‍ സ്ഥാപിച്ച ഫെന്‍സിംഗ് ലൈന്‍ കുടുങ്ങിയ നിലയിലുമാണുള്ളത്. ഇതില്‍ നിന്നുള്ള ഷോക്കായിരിക്കാം ആന ചരിയാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുമെന്ന് അധികൃതര്‍ അറിയിച്ചു.വനത്തില്‍ നിന്ന് കൃഷിയിടങ്ങളിലേക്ക് ഇറങ്ങാനുള്ള ശ്രമത്തിനിടയാണ് അപകടം സംഭവിച്ചിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് സുല്‍ത്താന്‍ബത്തേരി റെയിഞ്ചര്‍ നസ്‌ന , പൊന്‍കുഴി ഫോറസ്റ്റ് സെക്ഷന്‍ ഓഫീസര്‍ അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ തുടര്‍ പരിശോധനകള്‍ നടത്തി. കല്ലുമുക്കില്‍ ആഴ്ചകള്‍ക്കു മുമ്പ് വാഹനം അടക്കം ആക്രമിച്ചു തകര്‍ത്ത കാട്ടാനയാണ് ഇതെന്നാണ് വനവകുപ്പില്‍ നിന്ന് ലഭിക്കുന്ന വിവരം.രണ്ടുമാസം മുമ്പ് കോളൂരില്‍ നിന്നും അര കിലോമീറ്റര്‍ മാറിയുള്ള മുറിയന്‍കുന്നിലും കാട്ടാനയെ ഷോക്കേറ്റ് ചെരിഞ്ഞുനിലയില്‍ കണ്ടെത്തിയിരുന്നു.