പഴയ പ്രതാപമില്ലെങ്കിലും ക്ലച്ച് ചവിട്ടി, ഗിയര്‍ മാറ്റി 40ാം വര്‍ഷത്തിലേക്ക് വളയം തിരിയ്ക്കുകയാണ് ജില്ലാ പട്ടികജാതി-പട്ടികവര്‍ഗ സഹകരണ സംഘം നടത്തുന്ന പ്രിയദര്‍ശിനി ട്രാന്‍സ്പോര്‍ട്ട് ബസ് സര്‍വീസ്. ഒരു കാലത്ത് വയനാടന്‍ റോഡുകളില്‍ പേരുകേട്ട പ്രിയദര്‍ശിനി ബസുകള്‍ ഇപ്പോഴും മൂന്നെണ്ണം നിരത്തിലുള്ളപ്പോള്‍ മറ്റ് 13 ജില്ലകളിലും സര്‍വീസ് അവസാനിപ്പിച്ചിട്ട് വര്‍ഷങ്ങളായി. മാനന്തവാടി-കോഴിക്കോട്, മാനന്തവാടി-സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി-വാളാട് റൂട്ടുകളിലാണ് മൂന്ന് ബസുകള്‍ ഓടുന്നത്.
1985 ല്‍ എല്ലാ ജില്ലകളിലും ആരംഭിച്ച പട്ടികജാതി-പട്ടികവര്‍ഗ സഹകരണ ട്രാന്‍സ്പോര്‍ട്ട് സംഘം പിറ്റേ വര്‍ഷമാണ് ബസുകള്‍ വാങ്ങി സര്‍വീസ് തുടങ്ങിയത്. വയനാട്ടില്‍ മാനന്തവാടി-സുല്‍ത്താന്‍ ബത്തേരി റൂട്ടില്‍ തുടക്കംകുറിച്ച പ്രിയദര്‍ശിനി ബസ് പിന്നീട് ഈ റൂട്ട് കുത്തകയാക്കി. ജനം ബസിനായി കാത്തുനിന്ന അക്കാലത്ത് വളര്‍ച്ചയുടെ ടോപ് ഗിയറില്‍ ഓടിയ സംഘം ബസുകളുടെ എണ്ണം കൂട്ടി, 2016 ല്‍ അത് എട്ട് വരെയായി. പനമരം-മാനന്തവാടി, മാനന്തവാടി-നിരവില്‍പുഴ റൂട്ടിലൊക്കെ നിറയെ യാത്രക്കാര്‍. ജില്ലാ കളക്ടര്‍ ചെയര്‍മാനും സബ് കളക്ടര്‍ എംഡിയുമായുള്ള സംഘത്തിന്റെ ബസുകള്‍ കെഎസ്ആര്‍ടിസി, സ്വകാര്യ ബസ് പണിമുടക്കുള്ള ദിവസങ്ങളിലും പ്രത്യേക നിര്‍ദേശപ്രകാരം ഓടി.
അന്നത്തെ ജില്ലാ കളക്ടറുടെ നിര്‍ദേശമനുസരിച്ചു വയനാട്ടിലെ ആദിവാസികളെ ശബരിമലയ്ക്ക് കൊണ്ടുപോയത് സംഘം സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സി ഒ തോമസ് ഓര്‍ത്തെടുക്കുന്നു. ‘അതിന് പുറമെ, കൊട്ടിയൂരിലേക്കും വള്ളിയൂര്‍കാവിലേക്കും മാഹി പള്ളി പെരുന്നാളിനുമെല്ലാം പ്രത്യേക സര്‍വീസ് നടത്തിയിരുന്നു,’ അദ്ദേഹം പറഞ്ഞു. 2012 ല്‍ സംഘം ടൂറിസ്റ്റ് ബസുകളും ഇറക്കി. എന്നാല്‍ നിരത്തുകളില്‍ കൂടുതല്‍ ബസ് സര്‍വീസുകള്‍ വന്നതോടെ മത്സരം കടുത്തതും ഡീസല്‍ വില വര്‍ധനയും സ്‌പെയര്‍ പാര്‍ട്‌സുകളുടെ വിലയിലെ ഗണ്യമായ വര്‍ധനയും തിരിച്ചടിയായി.
എന്നിട്ടും മറ്റ് ജില്ലകളിലേത് പോലെ അടച്ചുപൂട്ടാന്‍ സംഘം തയാറായില്ല. ഒരു വര്‍ഷമായി തൊഴിലാളികള്‍ക്ക് തന്നെ ലീസിന് നല്‍കിയാണ് പ്രിയദര്‍ശിനി ബസുകള്‍ ഓടുന്നത്. നിലവില്‍ മൂന്ന് ബസുകളിലായി 18 തൊഴിലാളികളുണ്ട്.