ഗോത്ര ജീവിത ശൈലിയുടെയും സംസ്‌കാരത്തിന്റെയും സുസ്ഥിര പരിരക്ഷയുടെയും പ്രതീകമായ എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിന് ആഗോള അംഗീകാരമായ ഗ്രീന്‍ ഡെസ്റ്റിനേഷന്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. സ്വതന്ത്രമായ പ്രവര്‍ത്തന രീതിയിലൂടെയും സഹകരണ സംവിധാനത്തിലൂടെയുമാണ് എന്‍ ഊര് നേട്ടം കൈവരിച്ചത്. സമുദായ പങ്കാളിത്തം, പരിസ്ഥിതി സംരക്ഷണം, സംസ്‌കാര സുരക്ഷ, തദ്ദേശവാസികളുടെ ആജീവിക സുരക്ഷിതത്വം തുടങ്ങിയ മാനദണ്ഡങ്ങളില്‍ എടുക്കുന്ന ശക്തമായ ഇടപെടലുകളാണ് അംഗീകാരം നേടുന്നതിന് വഴിയൊരുക്കിയത്.
നെതര്‍ലാന്റിലെ ഗ്രീന്‍ ഡെസ്റ്റിനേഷന്‍ ഫൗണ്ടേഷനാണ് അംഗീകാരം നല്‍കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിരീക്ഷകരും സുസ്ഥിര ടൂറിസം വിദഗ്ധരും ചേര്‍ന്ന് നടത്തിയ സമഗ്ര വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് എന്‍ ഊര് തിരഞ്ഞെടുക്കപ്പെട്ടത് . അംഗീകാര സര്‍ട്ടിഫിക്കറ്റ് ഗ്രീന്‍ ഡെസ്റ്റിനേഷന്‍ ഇന്ത്യ പ്രതിനിധിയായ അപര്‍ണ്ണ സബ് കളക്ടറും എന്‍ ഊര് ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റുമായ മിസാല്‍ സാഗര്‍ ഭരതിന് കൈമാറി. പരിപാടിയില്‍ എന്‍ ഊര്’ സെക്രട്ടറി മണി മീഞ്ചാല്‍, ബോര്‍ഡ് അംഗങ്ങള്‍, ജീവനക്കാര്‍, പ്രൊജക്ട് ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.