കൽപ്പറ്റയിൽ ചികിത്സയ്ക്കെത്തിയ പെൺകുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ ഡോക്ടറെ SSLC വിദ്യാർത്ഥികളുടെ LD സ്ക്രീനിംഗ് ചുമതലയിൽ നിന്ന് മാറ്റി. മാനന്തവാടി മെഡിക്കൽ കോളജിലെ മാനസികാരോഗ്യ വിദഗ്ധൻ ഡോ. ജോസ്റ്റിൻ ഫ്രാൻസിസിനെയാണ് നീക്കിയത്. കോടതി കുറ്റവാളിയെന്ന് കണ്ടെത്തിയ ശേഷവും ഇയാളെ ക്യാമ്പ് ചുമതലയേൽപ്പിച്ച വാർത്ത പുറത്തുവന്നിരുന്നു.
കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ പെൺകുട്ടിയെ സ്വകാര്യ ക്ലിനിക്കിലെത്തിച്ച് ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ കഴിഞ്ഞയാഴ്ചയാണ് ഡോ. ജോസ്റ്റിൻ ഫ്രാൻസിസ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി സർവീസിൽ തുടരുന്നതും ജില്ലയിലെ പഠന വൈഷമ്യമുള്ള SSLC വിദ്യാർത്ഥികളുടെ എൽ ഡി സ്ക്രീനിംഗ് ക്യാമ്പിന് നേതൃത്വം നൽകുന്നതുമെന്ന വാർത്ത പുറത്തുവന്നതോടെയാണ് ഇയാളെ മാറ്റി DMO വിദ്യഭ്യാസവകുപ്പിന് ഉത്തരവ് നൽകിയത്. വാർത്ത പുറത്തു വന്നതോടെ വിവിധ യുവജന സംഘടനകളും വനിതാ സംഘടനകളും പ്രതിഷേധവുമായെത്തിയിരുന്നു .വയനാട് ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും വിമുക്തി പദ്ധതിയുടെയും നോഡല്‍ ഓഫീസറായിരുന്ന ജോസ്റ്റിന്‍ ഫ്രാന്‍സിസ്, KGMOA മുൻ ജില്ലാ പ്രസിഡണ്ടായിരുന്നു. ഭരണാനുകൂല സംഘടനകളുടെ വഴിവിട്ട പിന്തുണയാണ് അനർഹമായ ആനുകൂല്യങ്ങൾ ലഭിക്കാൻ പ്രതിക്ക് തുണയാകുന്നത് എന്നാണ് ആരോപണം.