തദ്ദേശ സ്വയംഭരണ വകുപ്പ് തദ്ദേശ സ്ഥാപനങ്ങൾക്ക് ഭരണ,വികസന, ക്ഷേമ പ്രവർത്തനങ്ങളിലെ മികവിന്  നൽകുന്ന സ്വരാജ് ട്രോഫിയിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടി മീനങ്ങാടി ഗ്രാമ പഞ്ചായത്ത്. 20 ലക്ഷം രൂപയാണ് പുരസ്‌കാരം. വിവിധ മേഖലകളിലെ മികച്ച പ്രവർത്തനങ്ങളാണ് പുരസ്‌കാരത്തിന് അർഹമാക്കിയത്. 
കാർബൺ ന്യൂട്രൽ പദ്ധതികൾ, സുസ്ഥിര വികസന പ്രവർത്തനങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകി പഞ്ചായത്ത് നടത്തുന്ന സമഗ്ര ഇടപെടലൽ അവാർഡിന് അർഹമാക്കി. കാർഷിക വികസനം, ഉത്‌പാദനക്ഷമത വർധിപ്പിക്കൽ,  മാലിന്യ സംസ്കരണ സംവിധാനം, അടിസ്ഥാന സൗകര്യ വികസനം, ഹരിതകർമ്മ സേനയുടെ സജീവ പ്രവർത്തനം എന്നിവയും  ഉൾപ്പെടുന്നു.  വനിതാ–ശിശു ക്ഷേമം ലക്ഷ്യമാക്കി നിരവധി പുരോഗമന പദ്ധതികളും പഞ്ചായത്ത് നടപ്പാക്കുന്നുണ്ട്. ജില്ലാതലത്തിൽ
രണ്ടാംസ്ഥാനം അമ്പലവയൽ ഗ്രാമ പഞ്ചായത്ത് കരസ്ഥമാക്കി. 10 ലക്ഷം രൂപയാണ് പുരസ്‌കാരമായി ലഭിച്ചത്.  നികുതി–നികുതിയേതര പിരിവുകൾ, തനത് വരുമാനത്തിൽ 30 ശതമാനം വരെ കൈവരിച്ച വർദ്ധനവ് എന്നിവയാണ് പ്രധാന നേട്ടങ്ങളിൽ ഉൾപ്പെടുന്നത്.
നൂതന പദ്ധതികളുടെ ആവിഷ്കാരവും ഫലപ്രദമായ നടപ്പാക്കൽ, ശുചിത്വം മാലിന്യ നിർമാർജ്ജനം മുൻനിർത്തിയുള്ള ഇടപെടലുകൾ, 
പദ്ധതി ചെലവിലെ പുരോഗതി, അനുവദിച്ച ഫണ്ടുകളുടെ സമയബന്ധിതവും സുതാര്യവുമായ വിനിയോഗം, ജനങ്ങൾക്ക് സമയബന്ധിതമായ സേവനങ്ങൾ ഉറപ്പാക്കുന്ന ഭരണ സംവിധാനവുമാണ് പുരസ്‌കാരത്തിന് അർഹമാക്കിയത്.