കേരള മോട്ടോർ വാഹന വകുപ്പ് (MVD) ഓഫീസുകളിൽ പൊതുജനങ്ങൾക്കുള്ള പ്രവേശനം രാവിലെ 10.00 മണി മുതൽ ഉച്ചയ്ക്ക് 1.00 മണി വരെ മാത്രമായി നിജപ്പെടുത്തിയ ഗതാഗത കമ്മീഷണറുടെ സർക്കുലർ ചോദ്യം ചെയ്തുകൊണ്ട് ഫയൽ ചെയ്ത പൊതുതാത്പര്യ ഹർജി ബഹു. കേരള ഹൈക്കോടതി തള്ളിക്കളഞ്ഞു.

WP(PIL) No.112/2026 കേസിൽ വിധിന്യായം പ്രസ്താവിച്ച ബഹു. കേരള ഹൈക്കോടതി, പൊതുജനങ്ങൾക്ക് നേരിട്ട് അപേക്ഷകളും പരാതികളും സമർപ്പിക്കുന്നതിനുള്ള സമയം ക്രമീകരിക്കുന്നതിനും ഓഫീസുകളുടെ കാര്യക്ഷമമായ പ്രവർത്തനവും ഭരണനിർവഹണവും ഉറപ്പാക്കുന്നതിനും ഉള്ള നടപടിയായാണ് ഈ ക്രമീകരണം കൊണ്ടുവന്നിരിക്കുന്നതെന്നും ഓഫീസ് പ്രവർത്തന സമയം നിശ്ചയിക്കുക എന്നത് ഭരണപരമായ അധികാരത്തിൽ ഉൾപ്പെടുന്നതാണെന്നും കോടതി നിരീക്ഷിച്ചു. കൂടാതെ ഓഫീസുകളിൽ പൊതുജനങ്ങളുടെ നേരിട്ടുള്ള സന്ദർശന സമയം നിയന്ത്രിച്ചിട്ടുണ്ടെങ്കിലും, ഓഫീസ് പ്രവർത്തനസമയമൊട്ടാകെ ഇലക്ട്രോണിക് സേവനങ്ങൾ ലഭ്യമാണെന്ന വസ്തുതയും കോടതി പ്രത്യേകം രേഖപ്പെടുത്തി.

പ്രസ്തുത സർക്കുലറിൽ നിയമവിരുദ്ധമോ യുക്തിരഹിതമോ സ്വേച്ഛാധിപത്യപരമോ ആയ യാതൊരു കാര്യവും ഉൾപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടില്ല എന്നും കോടതി വിലയിരുത്തി.

ഇത്തരം സാഹചര്യത്തിൽ പൊതുതാത്പര്യ ഹർജിയിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് കണ്ടെത്തിയ കോടതി ഹർജി തള്ളിക്കളഞ്ഞു. ഇതോടെ മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിലെ പൊതുജന പ്രവേശന സമയം രാവിലെ 10.00 മണി മുതൽ ഉച്ചയ്ക്ക് 1.00 മണി വരെ ആയിരിക്കുന്നതാണ് എന്ന് അറിയിക്കുന്നു.

പൊതുജനങ്ങൾ ആധാർ അധിഷ്ഠിത സേവനങ്ങൾ തിരഞ്ഞെടുത്താൽ ഓഫീസിൽ വരേണ്ടതോ അപേക്ഷകൾ ഓഫീസിൽ നേരിട്ട് സമർപ്പിക്കേണ്ടതോ ഇല്ല എന്നും ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിക്കുന്നു.