കാട്ടാന ആക്രമണത്തിന്  ഇരയായവർക്കും  ആക്രമണത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്കും നഷ്ടപരിഹാരം നൽകുന്നതിന് സർക്കാർ  സ്വീകരിച്ച നടപടികൾ രേഖാമൂലം അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
വയനാട്  ജില്ലാ കളക്ടറും മാനന്തവാടി ട്രൈബൽ ഡവലപ്മെമെന്റ് ഓഫീസറും  ഫോറസ്റ്റ് ഡിവിഷണൽ ഓഫീസറും (സൗത്ത്) ഒരാഴ്ചക്കുള്ളിൽ വിശദീകരണം സമർപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. കാട്ടാന ആക്രമണം അതിജീവിച്ചവരുടെ ജീവിതസാഹചര്യത്തെ കുറിച്ചുള്ള ദ്യശ്യമാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ  സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. സുൽത്താൻ ബത്തേരി ടൗൺ ഹാളിൽ നടക്കുന്ന അടുത്ത സിറ്റിംഗിൽ കേസ് പരിഗണിക്കും.  2022  മാർച്ചിൽ കാട്ടാന ആക്രമണത്തിന് ഇരയായ ചേകാടി പൊളന  കാട്ടുനായ്ക്ക ഉന്നതിയിലെ രണ്ടു സഹോദരങ്ങളുടെ കാര്യത്തിൽ സ്വീകരിച്ച നടപടികൾ  ജില്ലാ കളക്ടറും ഡി എഫ് ഒയും ട്രൈബൽ ഡവലപ്മെമെന്റ് ഓഫീസറും ഒരാഴ്ചക്കകം  സമർപ്പിക്കണം. ഇവർക്ക് മതിയായ  നഷ്ടപരിഹാരം നൽകിയില്ലെന്ന് പരാതിയുണ്ട്. ഇവരിൽ വൈരൻ എന്നയാൾക്ക് 10000 രൂപ മാത്രമാണ് സർക്കാർ നൽകിയത്.