കൽപ്പറ്റ: വീട്ടിൽ അതിക്രമിച്ചു കയറി 18 വയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് തടവും പിഴയും ശിക്ഷ വിധിച്ചു. കൽപ്പറ്റ മെസ് ഹൗസ് റോഡ് കുന്നത്തുംപടി വീട്ടിൽ കെ.എം. അഷ്‌റഫിനെയാണ് കൽപ്പറ്റ അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി (1) ജഡ്ജി എ.വി. മൃദുല ശിക്ഷിച്ചത്.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം വീട്ടിൽ അതിക്രമിച്ചു കയറിയതിന് അഞ്ച് വർഷവും, ലൈംഗികാതിക്രമം നടത്തിയതിന് അഞ്ച് വർഷവും, പരിക്കേൽപ്പിച്ചതിന് ഒരു വർഷവും തടവും കൂടാതെ 60,000 രൂപ പിഴയുമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ച് (5 വർഷം) അനുഭവിച്ചാൽ മതി.

2022 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നത്തെ കൽപ്പറ്റ സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന വി. വേണുഗോപാലൻ കേസിൽ ആദ്യാന്വേഷണം നടത്തുകയും, തുടർന്ന് സബ് ഇൻസ്പെക്ടർ വിമൽ ചന്ദ്രൻ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഭിലാഷ് ജോസഫ് ഹാജരായി.