തെരുവ്നായ ശല്യം: പ്രതിരോധ സേനയില്‍ കുടുംബശ്രീയും

0

തെരുവ്‌നായ ശല്യത്തെ പ്രതിരോധിക്കാനുള്ള ജില്ലയിലെ പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീയും പങ്കാളികളാകുന്നു. ജില്ലയിലെ സി.ഡി.എസുകളില്‍ നിന്നും തിരഞ്ഞെടുത്ത 78 പേരാണ് കുടുംബശ്രീയുടെ ഭാഗമായി പേവിഷ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നത്. ഇതില്‍ കഴിഞ്ഞ വര്‍ഷം പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം ലഭിച്ച 13 പേരെയും ഉള്‍പ്പെടുന്നു.

സി.ഡി.എസ് തലത്തില്‍ 3 പേരെ വീതം തിരഞ്ഞെടുക്കാനാണ് കുടുംബശ്രീ സംസ്ഥാന മിഷന്‍ കുടുംബശ്രീ ജില്ലാ മിഷന് നല്‍കിയ നിര്‍ദ്ദേശം. കുടുംബശ്രീ അംഗങ്ങളും അവരുടെ പുരുഷന്‍മാര്‍ ഉള്‍പ്പടെയുള്ള ബന്ധുമിത്രാദികളും അടങ്ങുന്നതാണ് 78 പേര്‍ അടങ്ങുന്ന സംഘം. തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ജില്ലാ മൃഗ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്ന് (ചൊവാഴ്ച്ച) ബത്തേരി ലൈഫ് സറ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിംഗ് സെന്ററില്‍ പരിശീലനം നല്‍കും. ഔദ്യോഗികമായി ജില്ലയില്‍ 7 നായ പിടുത്തക്കാരാണുള്ളത്. പരിശീലനം ലഭിച്ച നായപിടുത്തക്കാര്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കും. വെറ്ററിനറി യൂണിവേഴ്‌സിറ്റിയിലെ ഫാക്കല്‍ട്ടിമാരുടെ തിയറി ക്ലാസും പ്രാക്ടിക്കല്‍ ക്ലാസുകളും അടങ്ങുന്നതാണ് പരിശീലനം.

പരിശീലനത്തിന് ശേഷം ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ പങ്കാളികളാകും. പേവിഷ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വളര്‍ത്ത് നായകള്‍ക്കുള്ള വാക്‌സിനേഷന്‍ ജില്ലയില്‍ പുരോഗമിച്ച് വരികയാണ്. ജീവനക്കാര്‍ക്കും കുടുംബശ്രീ അംഗങ്ങള്‍ക്കും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കുമുള്ള വാക്‌സിനേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും തെരുവ് നായകള്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിക്കുകയുള്ളു. ഹോട്ട് സ്‌പോട്ടുകളും പഞ്ചായത്തുകളും കേന്ദ്രീകരിച്ചാണ് വാക്‌സിനേഷന്‍ നടക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാ മൃഗസംരക്ഷണ വകുപ്പിലെ മുഴുവന്‍ ജീവനക്കാര്‍ക്കും പേവിഷ പ്രതിരോധത്തിനുള്ള വാക്‌സിന്‍ നല്‍കി തുടങ്ങി.

Leave A Reply

Your email address will not be published.

error: Content is protected !!