ഡോ. അദീല അബ്ദുള്ള ചുരമിറങ്ങുന്നത് നിറഞ്ഞ ചാരിതാര്‍ഥ്യത്തോടെ

0

 

കോവിഡ് മഹാമാരിയുടെ കാലത്ത് വയനാടിന് രക്ഷാകവചമൊരുക്കിയ ഡോ. അദീല അബ്ദുള്ള ചുരമിറങ്ങുന്നത് നിറഞ്ഞ ചാരിതാര്‍ഥ്യത്തോടെ. ആദിവാസിജനവിഭാഗങ്ങളുടെയും കര്‍ഷക ജനതയുടെയും നിറസാന്നിധ്യം കൊണ്ട് സമ്പന്നമായ മലയോര ജില്ലയുടെ ഭരണ സംവിധാനം 22 മാസം നിയന്ത്രിച്ച ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള സിവില്‍ സര്‍വീസിന്റെ പുതിയ പടവുകള്‍ കയറുമ്പോള്‍ ജില്ലയ്ക്ക് ഓര്‍ത്തു വെക്കാന്‍ നേട്ടങ്ങളേറെ.

മഹാപ്രളയം നാശം വിതച്ച വര്‍ഷം- 2019 നവംബര്‍ 9 നായിരുന്നു ഡോ. അദീല ജില്ലാ കലക്ടറായി എത്തിയത്. പുത്തുമല ഉരുള്‍പൊട്ടലിന്റെ പുനരധിവാസമായിരുന്നു ആദ്യ വെല്ലുവിളി. തുടര്‍ന്ന് മാസങ്ങള്‍ക്കകം വന്ന കോവിഡ് മഹാമാരിയുടെയും ലോക്ഡൗണിന്റെയും ഒന്നും രണ്ടും ഘട്ടങ്ങളും 2020 ലെ പ്രളയവും മുണ്ടക്കൈ ഉരുള്‍പൊട്ടലും രണ്ട് പൊതുതെരഞ്ഞെടുപ്പുകളും വിജകരമായി കൈകാര്യം ചെയ്താണ് വെല്ലുവിളികള്‍ നിറഞ്ഞ 22 മാസങ്ങള്‍ കടന്നു പോയത്.

കോവിഡ് മഹാമാരി ഫലപ്രദമായി നേരിടുന്നതിലും വേറിട്ട പ്രതിരോധം കാഴ്ച വെക്കുന്നതിലും ഡോക്ടര്‍ കൂടിയായ അദീലയുടെ ഇടപെടലുകള്‍ സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു. രണ്ട് സംസ്ഥാനങ്ങളും കേരളത്തിലെ മൂന്ന് ജില്ലകളും അതിര്‍ത്തി പങ്കിടുന്ന, വിനോദസഞ്ചാരികളുടെ പറുദീസയാണ് വയനാട്. ഇവിടത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, രണ്ട് ലോക്ഡൗണുകള്‍, കണ്ടെയ്ന്‍മെന്റ്- മൈക്രോ കണ്ടെയ്ന്‍മെന്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ ഏകോപനം വെല്ലുവിളി നിറഞ്ഞതായിരുന്നു. ഫലപ്രദമായ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആയിരക്കണക്കിനു ആദിവാസി കോളനികളുള്ള ജില്ലയെ വലിയ വിപത്തില്‍ നിന്ന് രക്ഷിച്ചു. ആദ്യഘട്ടത്തില്‍ ഇവിടെ കേസുകള്‍ വളരെ കുറവായിരുന്നു. ആശുപത്രികളിലെ സൗകര്യങ്ങളും ഫസ്റ്റ് ലൈന്‍- സെക്കന്‍ഡ് ട്രീറ്റ്മെന്റ് സെന്ററുകളും കോവിഡ് കെയര്‍ സെന്ററുകളും ഡൊമിസിലറി കെയര്‍ സെന്ററുകളും ഒരുക്കുന്നതിലും ഓക്സിജന്‍ ലഭ്യത ഉറപ്പാക്കുന്നതിനുള്ള വാര്‍ റൂം പ്രവര്‍ത്തനത്തിലും ജില്ല മികവു തെളിയിച്ചു. ലോക്ഡൗണ്‍ കാലയളവില്‍ സ്പോണ്‍സര്‍ഷിപ്പു വഴി ആദിവാസി ഊരുകളില്‍ ഉള്‍പ്പെടെ ജില്ലയില്‍ വ്യാപകമായി സഹായമെത്തിക്കാന്‍ കലക്ടര്‍ മുന്‍കയ്യെടുത്തു.

വാക്സിനേഷന്‍ രംഗത്തും സംസ്ഥാനത്ത് ഏറ്റവും നേട്ടം കൈവരിച്ച ജില്ലയാകാന്‍ കഴിഞ്ഞതിനു പിന്നില്‍ അദീലയുടെ നേതൃശേഷി പ്രകടമായി. 18 നു മുകളില്‍ പ്രായമുള്ളവരില്‍ സമ്പൂര്‍ണ ആദ്യ ഡോസ് വാക്സിനേഷന്‍ നടപ്പാക്കിയ ആദ്യ ജില്ലയായി വയനാട് മാറി. രണ്ടാം ഡോസ് വാക്സിനേഷനും ഊര്‍ജിതമായി പുരോഗമിക്കുന്നു. ടൂറിസം മേഖലയുടെ സമ്പൂര്‍ണ വാക്സിനേഷനായി സംസ്ഥാന സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്ത പഞ്ചായത്ത് ജില്ലയിലേതായിരുന്നു. വൈത്തിരി ഗ്രാമപഞ്ചായത്ത് ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഈ നേട്ടം കൈവരിച്ചു. ആദിവാസി മേഖലകളില്‍ പ്രത്യേക ഡ്രൈവുകള്‍ നടത്തിയാണ് വാക്സിനേഷന്‍ യജ്ഞം പൂര്‍ത്തിയാക്കിയത്.

വാക്സിനേഷനില്‍ മാത്രമല്ല വിവിധ രംഗങ്ങളില്‍ വയനാട് ജില്ലയ്ക്ക് മികച്ച സ്ഥാനം ലഭിച്ച കാലയളവായിരുന്നു അദീല അബ്ദുള്ളയുടേത്. 2020 ല്‍ ഇംക്ലൂസീവ് ഡെവലപ്മെന്റ് ത്രൂ ക്രെഡിറ്റ് ഫ്ളോ ടു ദി പ്രൈമറി സെക്ടര്‍- വിഭാഗത്തില്‍ പ്രധാനമന്ത്രിയുടെ പ്രത്യേക അവാര്‍ഡിനുള്ള കലക്ടര്‍മാരുടെ പട്ടികയില്‍ അദീല നാലാമതെത്തി. കേന്ദ്ര സര്‍ക്കാറിന്റെ ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പ്രോഗ്രാമില്‍ 2021-22 സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ മികച്ച റാങ്ക് നേടി വയനാട് ജില്ല മൂന്ന് കോടി രൂപയുടെ അധിക കേന്ദ്ര സഹായത്തിന് അര്‍ഹത നേടി. രാജ്യത്തെ 117 ജില്ലകള്‍ ഉള്‍പ്പെട്ട ഈ പദ്ധതിയില്‍ കൃഷി- ജലവിഭവം എന്ന വിഭാഗത്തിലാണ് ജില്ലയ്ക്ക് ദേശീയ തലത്തില്‍ മൂന്നാം റാങ്ക് ലഭിച്ചത്. ഈ നേട്ടം കൈവരിച്ചതിന് ജില്ലാ കലക്ടര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കാന്‍ കേന്ദ്ര നിതി ആയോഗ് സംസ്ഥാന സര്‍ക്കാറിന് കത്ത് നല്‍കിയിട്ടുണ്ട്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി വിനിയോഗത്തില്‍ 2020- 21 വര്‍ഷം സംസ്ഥാനതലത്തില്‍ വയനാട് ജില്ല ഒന്നാമതെത്തി. കേന്ദ്ര- സംസ്ഥാനാവിഷ്‌കൃത പദ്ധതികളുടെ വിനിയോഗത്തിലും ഈ സാമ്പത്തിക വര്‍ഷത്തില്‍ ജില്ലയ്ക്ക് ഒന്നാം സ്ഥാനമാണ്. ഇ-ഗ്രാം സ്വരാജ് പോര്‍ട്ടലിലൂടെ 15-ാം ധനകാര്യ കമ്മീഷന്റെ പ്രോജക്ട് അംഗീകാരം നേടിയ സംസ്ഥാനത്തെ ആദ്യ ജില്ലയും വയനാട് ആയിരുന്നു.

പ്രതിസന്ധി ഘട്ടത്തിലും സര്‍ക്കാറിന്റെ വികസന- ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്ന കാര്യത്തില്‍ ജില്ലാ കലക്ടര്‍ ജാഗ്രത പുലര്‍ത്തി. പുത്തുമല ഉരുള്‍പ്പൊട്ടലില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട 52 കുടുംബങ്ങള്‍ക്കായി മേപ്പാടി പൂത്തക്കൊല്ലിയില്‍ മാതൃഭൂമി വകയായുള്ള സ്നേഹഭൂമിയില്‍ ഹര്‍ഷം എന്ന പേരില്‍ നടപ്പാക്കുന്ന പുനരധിവാസ പദ്ധതി ഉദ്ഘാടന സജ്ജമായിട്ടുണ്ട്. ഓരോ വീടിനും സര്‍ക്കാര്‍ നല്‍കിയ നാല് ലക്ഷം ഉള്‍പ്പെടെ ജില്ലാ കലക്ടര്‍ മുന്‍കയ്യെടുത്ത് സ്പോണ്‍സര്‍മാരെ കൂടി കണ്ടെത്തിയാണ് മാതൃകാ പദ്ധതി തയ്യാറാക്കിയത്. ഇതുകൂടാതെ ലൈഫ് മിഷന്റെയും പട്ടികവര്‍ഗ വികസന വകുപ്പിന്റെയും റവന്യൂ വകുപ്പിന്റെയും നേതൃത്വത്തില്‍ ആദിവാസി വിഭാഗങ്ങള്‍ക്കുള്‍പ്പെടെ നിരവധി ഭവന പദ്ധതികള്‍ ജില്ലയില്‍ പൂര്‍ത്തിയാക്കി. പരൂര്‍കുന്ന്, വെള്ളപ്പന്‍കണ്ടി, ചിത്രമൂല തുടങ്ങിയ പദ്ധതികള്‍ എടുത്തു പറയേണ്ടതാണ്.

പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതിനുള്ള ജില്ലാ അടിയന്തര കാര്യനിര്‍വ്വഹണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തി. വിവിധ പ്രാദേശിക കേന്ദ്രങ്ങളില്‍ നിന്നുള്ള മൈക്രോ റെയിന്‍ഫാള്‍ ഡാറ്റ വിശകലനം ചെയ്ത് ദുരന്തങ്ങള്‍ മുന്‍കൂട്ടി കണ്ട് ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള നടപടികളെടുത്തത് കലക്ടറുടെ ശ്രദ്ധേയമായ ഇടപെടലായിരുന്നു. കഴിഞ്ഞ വര്‍ഷം മുണ്ടക്കൈ ഉരുള്‍പ്പൊട്ടലില്‍ ആളപായമില്ലാതെ നോക്കാനായത് ഈ ജാഗ്രത മൂലമാണ്. ജില്ലയിലെ പുഴകളിലും തോടുകളിലും അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്ത് പുഴയുടെ ഒഴുക്ക് സുഗമമാക്കിയതും 2020 ലെ പ്രളയത്തിന്റെ രൂക്ഷത കുറച്ചു. ദുരന്ത നിവാരണ ഫണ്ട് വിനിയോഗിച്ച് പഞ്ചായത്തുകള്‍ മുഖേനയാണ് ഈ പദ്ധതി നടപ്പാക്കിയത്.

വിവിധ സ്ഥാപനങ്ങളുടെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്ന് ജില്ലയിലേക്ക് വിവിധ പദ്ധതികള്‍ എത്തിക്കാനും കലക്ടറുടെ ഇടപെടലില്‍ കഴിഞ്ഞു. കൊച്ചി ഷിപ്യാര്‍ഡിന്റെ സഹായത്തോടെ ജില്ലയുടെ നാല് അങ്കണവാടികള്‍ ലോകോത്തര നിലവാരത്തില്‍ സമാര്‍ട്ട് ആക്കാന്‍ കഴിഞ്ഞത് ഉദാഹരണം. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെയും നിര്‍മ്മിതി കേന്ദ്രയുടെയും പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായിരുന്നു.

കോഴിക്കോട് കുറ്റ്യാടി സ്വദേശിനിയായ ഡോ. അദീല അബ്ദുള്ള 2012 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. കണ്ണൂരില്‍ അസിസ്റ്റന്റ് കലക്ടറായാണ് സിവില്‍ സര്‍വീസ് തുടക്കം. ഫോര്‍ട്ട് കൊച്ചി, തിരൂര്‍ എന്നിവിടങ്ങളില്‍ സബ് കലക്ടര്‍, ആലപ്പുഴ ജില്ലാ കലക്ടര്‍, ലൈഫ് മിഷന്‍ സി.ഇ.ഒ എന്നീ പദവികളും വഹിച്ചു. വനിതാ- ശിശു വികസന വകുപ്പ്, ലോട്ടറീസ് വകുപ്പ്, ജെന്‍ഡര്‍ പാര്‍ക്ക് എന്നിവയുടെ ഡയറക്ടര്‍ പദവിയിലേക്കാണ് പുതിയ നിയോഗം.

Leave A Reply

Your email address will not be published.

error: Content is protected !!