75 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക് കാരിബാഗുകള്‍ക്ക് ഒക്ടോബര്‍ മുതല്‍ കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. നിലവില്‍ 50 മൈക്രോണ്‍ ആണ് അനുവദനീയ പരിധി. 120 മൈക്രോണിനു താഴെയുള്ള കാരിബാഗ് ഡിസംബര്‍ 31നു ശേഷം അനുവദിക്കില്ല.പുനരുപയോഗ സാധ്യത വര്‍ധിപ്പിക്കാനാണ് കനം കൂട്ടുന്നത്.ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ 2022 ജൂലൈ 1 മുതല്‍ നിരോധിക്കും. ഇവയുടെ വില്‍പന, സൂക്ഷിക്കല്‍, വിതരണം, കയറ്റുമതി എന്നിവയ്‌ക്കെല്ലാം നിരോധനം ബാധകമാണ്.
2016 ലെ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ നിയമമാണ് ഭേദഗതി ചെയ്ത് കേന്ദ്രം വിജ്ഞാപനമിറക്കിയത്. സെപ്റ്റംബര്‍ 30 മുതല്‍ 60 ജിഎസ്എമ്മില്‍ (ഗ്രാം പേര്‍ സ്‌ക്വയര്‍ മീറ്റര്‍) കുറഞ്ഞ നോണ്‍വൂവണ്‍ പ്ലാസ്റ്റിക് ബാഗുകള്‍ അനുവദിക്കില്ല. കേരളത്തില്‍ നോണ്‍വൂവണ്‍ ബാഗുകള്‍ക്ക് നിലവില്‍ നിരോധനമുണ്ട്.
പാല്‍ കവര്‍ പോലെയുള്ള പാക്കേജിങ് പ്ലാസ്റ്റിക്കിനു നിരോധനമില്ലെങ്കിലും അവ സംസ്‌കരിക്കേണ്ട ഉത്തരവാദിത്തം കമ്പനികള്‍ക്കാണ്. കമ്പനികള്‍ പാക്കിങ് വസ്തുവായി പുറത്തുവിടുന്ന പ്ലാസ്റ്റിക് സംസ്‌കരിക്കുന്നത് കമ്പനികളുടെ തന്നെ ചെലവില്‍പ്പെടുത്തുന്ന എക്സ്റ്റന്‍ഡഡ് പ്രൊഡ്യൂസേഴ്‌സ് റെസ്‌പോണ്‍സിബിലിറ്റി (ഇപിആര്‍) ശക്തമായി നടപ്പാക്കാനുള്ള മാര്‍ഗരേഖകള്‍ക്കും ഭേദഗതി പ്രാബല്യം നല്‍കി. കമ്പനികള്‍ സ്വന്തം സംവിധാനം ഉപയോഗിച്ച് സംസ്‌കരിക്കുകയോ തദ്ദേശസ്ഥാപനങ്ങള്‍ക്ക് സംസ്‌കരണത്തിനുള്ള തുക നല്‍കുകയോ ചെയ്യണം.