ക്യാമ്പിലെത്താന്‍ കഴിയാത്ത പ്രളയബാധിതരുടെ കണക്കെടുക്കും.

0

ക്യാമ്പിലെത്താന്‍ കഴിയാത്ത പ്രളയബാധിതരുടെ കണക്കെടുക്കുമെന്നും അവരുടെ വീടുകള്‍ ശുചീകരിക്കുന്നതിനുള്ള സൗകര്യം പഞ്ചായത്ത് ശുചീകരണ ഏകോപന സമിതി മുഖേന നിര്‍വ്വഹിക്കുമെന്നും ജില്ലാ കളക്ടര്‍ എ.ആര്‍.അജയകുമാര്‍ പറഞ്ഞു. അധികം ആളുകളുള്ള ക്യാമ്പുകള്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പലവട്ടം സന്ദര്‍ശിച്ചു കഴിഞ്ഞു. എന്നാല്‍ ഉള്‍പ്രദേശങ്ങളിലും ഒറ്റപ്പെട്ടതുമായ ക്യാമ്പുകളിലും ജില്ലാതല ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും. ക്യാമ്പുകളിലേക്കാവശ്യമായ നിത്യോപയോഗസാധനങ്ങള്‍ സിവില്‍ സ്റ്റേഷനില്‍ ശേഖരിച്ചിട്ടുണ്ട്. ക്യാമ്പ് ഓഫീസര്‍മാര്‍ ജില്ലാ ദുരന്തനിവാരണ സെല്ലുമായി ബന്ധപ്പെട്ടാല്‍ ആവശ്യമുള്ളവ നല്‍കും. ദുരിതാശ്വാസ സാമഗ്രികള്‍ ഇപ്പോഴും ജില്ലാ കേന്ദ്രത്തിലേക്കെത്തിക്കൊണ്ടിരിക്കുകയാണ്. വെള്ളമിറങ്ങിയ സ്ഥലങ്ങളില്‍ ശുചീകരണപ്രവര്‍ത്തനം നടത്തി ജനങ്ങളെ വീടുകളിലേക്ക് തിരിച്ചയക്കാനുള്ള പ്രവര്‍ത്തികള്‍ ഇതോടൊപ്പം ഏകോപിപ്പിക്കാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. എല്ലാ ക്യാമ്പുകളിലും മുഴുവന്‍ സമയവും ക്യാമ്പ് ഓഫീസറായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് റവന്യ ഉദ്യോഗസ്ഥരാണ്. ജില്ലയില്‍ കൂടുതല്‍ ജീവവനക്കാരുള്ള ഇതര വകുപ്പുകള്‍ ക്യാമ്പ് ഡ്യൂട്ടിക്ക് തഹസീല്‍മാര്‍ക്ക് ജീവനക്കാരെ വിട്ട് നല്‍കണമെന്ന് ജില്ലാ കളക്ടര്‍ ജില്ലാ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. എഡിഎം കെ.അജീഷ്, സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ഡെപ്യൂട്ടി കളക്ടര്‍മാരായ ഇ.പി. മേഴ്‌സി, എ.മാര്‍ക്കോസ്, സി.ആര്‍ വിജയലക്ഷ്മി, പി.എ.യു ഡെപ്യൂട്ടി കമ്മീഷണര്‍ തുടങ്ങിയ ജില്ലാ ഉദ്യോഗസ്ഥര്‍ കളക്‌ട്രേറ്റില്‍ നടന്ന അവലോകന യോഗത്തില്‍ സംബന്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!